പത്തനംതിട്ട: കോന്നി കൂടൽ പോത്തുപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിയിൽ തീപിടിത്തം. പോത്തുപ്പാറയിലെ പാറ ക്രഷർ യൂണിറ്റിൽ നിന്ന് ലോഡുമായി മടങ്ങുന്നതിനിടെയാണ് ലോറിയിൽ തീപിടിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് ലോറിയിലുണ്ടായിരുന്നത്. എതിരെ വാഹനത്തിൽ എത്തിയവർ ലോറിയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുത്തി ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ മൂന്ന് പേരും വാഹനത്തിൽ നിന്ന് ചാടി ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി.
വിവരമറിഞ്ഞ് കോന്നി ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. എന്നാൽ അപ്പോഴേക്കും ലോറി പൂർണമായും കത്തിനശിച്ചിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടൽ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തും.


