കൊച്ചി: ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. മലപ്പുറം മഞ്ചേരി വയപ്പറപ്പടി സ്വദേശി മുഹമ്മദ് ജിഹാദ് (24) ആണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്.
ഇടപ്പള്ളി ടോൾ ജംഗ്ഷനിലെ സ്വർണ വ്യാപാര സ്ഥാപനത്തിൽ നിന്ന് 400 ഗ്രാം സ്വർണവും 90 ഗ്രാം വെള്ളിയും വാങ്ങി 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിലാണ് അറസ്റ്റ്. കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നടക്കുന്ന സൈബർ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം പ്രതി ബാങ്ക് അക്കൗണ്ടുകൾ വഴി ജ്വല്ലറികൾക്ക് കൈമാറിയാണ് സ്വർണം വാങ്ങിയിരുന്നത്. ഇടപാട് കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ സൈബർ സെല്ലിന്റെ നിർദേശപ്രകാരം ജ്വല്ലറികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും.
ഇതോടെ ജ്വല്ലറികൾക്ക് ലഭിച്ച പണം പിൻവലിക്കാൻ കഴിയാതെ വരികയും വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യും. മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയ ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ജിഹാദെന്നാണ് പൊലീസ് പറയുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്തുന്നതിനായി പ്രതിയെ വരും ദിവസങ്ങളിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. കളമശ്ശേരി എസ്.എച്ച്.ഒ ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



