ഡൽഹി: സുഹൃത്തിൽ നിന്ന് ഗർഭിണിയായ 18കാരിയായ മകളെ നദിയിൽ മുക്കിക്കൊന്നെന്ന കേസിൽ അച്ഛനും ബന്ധുവും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സമൂഹത്തെ ഭയന്നുള്ള കൊലപാതകം നടന്നത്. ഡൽഹിയിലെ തിഗ്രിയിലുള്ള ബസൗനി ഗ്രാമവാസിയായ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തിൽ നിന്നാണ് പെൺകുട്ടി ഗർഭിണിയായതെന്നാണ് പൊലീസ് പറയുന്നത്. ജൂലൈ 31ന് ആഗ്രയിലെ ചമ്പൽ നദിയിലായിരുന്നു കൊലപാതകം. ചികിത്സയ്ക്കായി കൊണ്ടുപോകുന്നുവെന്ന പേരിലാണ് 52കാരനായ അച്ഛനും ബന്ധുവും പെൺകുട്ടിയെ ആഗ്രയിലെത്തിച്ചത്. ബന്ധുവിന്റെ വീട്ടിൽ ഒരു രാത്രി താമസിച്ച ശേഷം പിറ്റേദിവസം നദിക്കരയിലെത്തിച്ചു.
നദിയിൽ ചാടി ജീവനൊടുക്കാൻ അച്ഛൻ മകളോട് ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി ഇതിന് തയ്യാറാകാതെ വന്നതോടെ അച്ഛനും ബന്ധുവും ചേർന്ന് വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.
മകൾ ആഗ്രയിൽ വച്ച് മരിച്ചെന്നും അവിടെത്തന്നെ അന്ത്യകർമങ്ങൾ നടത്തിയെന്നും അച്ഛൻ അയൽവാസികളോട് പറഞ്ഞിരുന്നു. എന്നാൽ സംശയം തോന്നിയ അയൽവാസി പൊലീസിൽ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
മകളുടെ മൃതദേഹത്തിന്റെ കാലിൽ പിടിച്ച് 52കാരൻ ക്ഷമ ചോദിക്കുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. അവിവാഹിതയായ മകൾ ഗർഭിണിയായ വിവരം പുറത്തറിഞ്ഞാൽ സമൂഹത്തിൽനിന്ന് അപമാനം നേരിടേണ്ടിവരുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായാണ് വിവരം.
സംഭവത്തിൽ അച്ഛനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.














