തിരുവനന്തപുരം: കണ്ണമൂല വിഷ്ണു വധക്കേസിൽ ഒന്നാം പ്രതി മുതൽ ഏഴാം പ്രതി വരെയുള്ളവർക്ക് ജീവപര്യന്തം തടവ് ശിക്ഷ. ജീവപര്യന്തം തടവിന് പുറമെ വിവിധ വകുപ്പുകൾ പ്രകാരം 20 വർഷം കഠിനതടവും അനുഭവിക്കണം. നെടുമങ്ങാട് എസ്.സി/എസ്.ടി പ്രത്യേക കോടതിയുടേതാണ് വിധി.
പ്രതികളായ ഏഴുപേരും 1,75,000 രൂപ വീതം പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുകയിൽ നിന്ന് കൊല്ലപ്പെട്ട വിഷ്ണുവിന്റെ അമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ നൽകും. വിഷ്ണുവിന്റെ അച്ഛനും അച്ഛന്റെ സഹോദരിയുമായ ഒന്നാം, മൂന്നാം സാക്ഷികൾക്ക് മൂന്ന് ലക്ഷം രൂപ വീതം നൽകാനും കോടതി നിർദേശിച്ചു. ഒന്നുമുതൽ മൂന്നുവരെയുള്ള സാക്ഷികൾക്ക് ലീഗൽ സർവീസ് അതോറിറ്റി മുഖേന അധിക നഷ്ടപരിഹാരം നൽകാനും ഉത്തരവുണ്ട്.
2016 ഒക്ടോബറിലാണ് തിരുവനന്തപുരത്തെ നടുക്കിയ കൊലപാതകം നടന്നത്. കണ്ണമൂലയിൽ മാതാപിതാക്കളും നാട്ടുകാരും നോക്കിനിൽക്കെയാണ് പന്ത്രണ്ടോളം പേരടങ്ങിയ സംഘം വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പേട്ട പൊലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീട് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 12 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.




