തിരുവനന്തപുരം: നടൻ ദേവൻ ബിജെപിയിൽനിന്ന് രാജിവെച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചതായി ദേവൻ പ്രഖ്യാപിച്ചു. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഒരു പരിപാടിക്കിടെയാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചില പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്ന് ദേവൻ പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് തയ്യാറാക്കിയിട്ടുണ്ടെന്നും ഇത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
2004ൽ ‘നവകേരള പീപ്പിൾസ് പാർട്ടി’ എന്ന പേരിൽ ദേവൻ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി ബിജെപിയിൽ ലയിപ്പിക്കുകയായിരുന്നു. കേരളം വികസനത്തിൽ പിന്നിലായതിനാലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചതെന്ന് അന്ന് ദേവൻ പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
2004ൽ നടന്ന വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ കേരള പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായി ദേവൻ മത്സരിക്കുകയും ചെയ്തിരുന്നു.











