കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ ഉൾപ്പെടെയുള്ള കവർച്ചകൾ നടത്തുന്ന സംഘം വയനാട്ടിൽ സജീവമാണെന്ന് പൊലീസ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
സിസിടിവി ദൃശ്യങ്ങളും മറ്റ് അന്വേഷണ വിവരങ്ങളും പരിശോധിച്ച ശേഷം പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. ഇവരെ കണ്ടെത്തുന്നതിനായി ജില്ലയിലുടനീളം പരിശോധന ശക്തമാക്കിയിട്ടുണ്ട്.
രണ്ടോ അതിലധികമോ പേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തിരക്കേറിയ സ്ഥലങ്ങളിലും ബസുകളിലും ഓട്ടോറിക്ഷകളിലും സ്ത്രീകളെയും വയോധികരെയും പിന്തുടർന്ന് അവസരം കണ്ടെത്തി ആഭരണങ്ങൾ കവർന്ന് രക്ഷപ്പെടുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് അറിയിച്ചു.
അടുത്തിടെ വാവ് ബലിയോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്രപരിസരത്തും അമ്പലവയൽ, കമ്പളക്കാട് പൊലീസ് സ്റ്റേഷൻ പരിധികളിലും കവർച്ചകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാവ് ബലി ദിനത്തിൽ തിരുനെല്ലി ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽനിന്ന് 80 വയസ്സുള്ള വയോധികയുടെ ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന മാല കവർന്നു.
ഓഗസ്റ്റ് 13ന് ഉച്ചയോടെ അമ്പലവയൽ കൊളഗപ്പാറയിൽനിന്ന് ആയിരംകൊല്ലിയിലേക്ക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന 71 വയസ്സുകാരിയുടെ രണ്ട് പവൻ തൂക്കം വരുന്ന മാലയും കവർന്നു. ഓഗസ്റ്റ് 15ന് രാവിലെ കമ്പളക്കാട് ബസിൽ യാത്ര ചെയ്ത 70 വയസ്സുകാരിയുടെ രണ്ട് പവൻ തൂക്കം വരുന്ന മാലയും സംഘം കവർന്നതായി പൊലീസ് പറഞ്ഞു.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓണത്തോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിലും തിരക്കേറിയ ഇടങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കണം. ആഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുകയും മൊബൈൽ ഫോൺ, പേഴ്‌സ് തുടങ്ങിയവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം.
മാസ്‌ക് ധരിച്ചോ മറ്റേതെങ്കിലും രീതിയിലോ സംശയകരമായി ആരെങ്കിലും പിന്തുടരുന്നതായി തോന്നിയാൽ ജാഗ്രത പാലിക്കണം. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ അടുത്തുള്ള കടയിലേക്കോ ജനവാസകേന്ദ്രത്തിലേക്കോ മാറുന്നതാണ് ഉചിതം.
സംശയാസ്പദമായ വ്യക്തികളെയോ വാഹനങ്ങളെയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണം. അടിയന്തര സാഹചര്യമുണ്ടായാൽ 112 എന്ന നമ്പറിൽ പൊലീസിന്റെ സഹായം തേടാമെന്നും പൊലീസ് അറിയിച്ചു.
കവർച്ചാ സംഘത്തിലെ അംഗങ്ങളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങളിൽ കാണുന്നവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിനെ അറിയിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.













