കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അപമാനിക്കാനുള്ള ശ്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. സുകുമാരൻ നായർ കേരളത്തിലെ പൊതുസമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണെന്നും അദ്ദേഹം കേരളത്തിന്റെ പൊതുസ്വത്താണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കെ.ബി. ഗണേഷ് കുമാറിന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. തന്നെ കാണാൻ എത്തുന്നവരോട് വളരെ മാന്യമായി പെരുമാറുന്ന വ്യക്തിയാണ് സുകുമാരൻ നായരെന്നും അദ്ദേഹം പറഞ്ഞു.
സുകുമാരൻ നായരെ അപമാനിക്കാനുള്ള ശ്രമങ്ങൾ വളരെ ഹീനമാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഓരോ വ്യക്തികൾക്കും അവരുടേതായ സംസാരശൈലിയും പെരുമാറ്റരീതിയും ഉണ്ടാകും. എന്നാൽ അതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ച് അവതരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പൊതുസമൂഹത്തിൽ ഏറെ പ്രധാനപ്പെട്ട വ്യക്തിയാണ് സുകുമാരൻ നായരെന്നും അദ്ദേഹത്തെ കേരളത്തിന്റെ പൊതുസ്വത്തായി തന്നെ കാണണമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.











