ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ അമിത ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ്. ജൂലൈ 20ന് നടന്ന പാർലമെന്റ് മാർച്ച് നിയമവിരുദ്ധമായിരുന്നെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഡൽഹി പൊലീസ് നിലപാട് വ്യക്തമാക്കിയത്. രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
പാർലമെന്റിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിന് അനുമതി നൽകിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഏകദേശം 30,000 പേർ ജന്തർ മന്തറിന് ചുറ്റുമുള്ള മൂന്ന് കിലോമീറ്റർ പരിധിയിൽ തടിച്ചുകൂടിയിരുന്നു. ഇവരെ നിയന്ത്രിക്കാൻ ഏകദേശം 5,000 പൊലീസുകാരാണ് ഉണ്ടായിരുന്നത്. വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് സാധിച്ചില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വിദ്യാർഥികൾക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. അതേസമയം, പ്രതിഷേധക്കാരുടെ കൂട്ടത്തിൽ ചില ക്രിമിനലുകൾ നുഴഞ്ഞു കയറിയിരുന്നുവെന്നും ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിച്ചു.


