കോഴിക്കോട്: തൊണ്ടയാടിൽ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് സർക്കാർ ഉദ്യോഗസ്ഥനും ഡ്രൈവർക്കും മർദനം. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ബാലുശേരി സർക്കിൾ ഓഫീസർ പി.ജി. ഉൻമേഷിനും ഡ്രൈവർ പ്രമോദിനുമാണ് മർദനമേറ്റത്.
ഭക്ഷണ സാമ്പിളുകൾ പാളയത്തെ ഓഫീസിൽ എത്തിക്കാനായി വകുപ്പ് വാഹനത്തിൽ പോകുന്നതിനിടെയാണ് സംഭവം. എതിർദിശയിൽ എത്തിയ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. ചേവായൂർ സ്വദേശി സജീവ് രാജാണ് ഉദ്യോഗസ്ഥനെയും ഡ്രൈവറെയും മർദിച്ചതെന്നാണ് ആരോപണം. ഇയാൾ വാഹനത്തിന്റെ ജനൽ അടിച്ചുതകർത്തതായും പരാതിയുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.


