ഭാവ്നഗർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച് നാല് പേർ മരിക്കുകയും 20 പേർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. മദ്യക്കുപ്പികളടങ്ങിയ 15 പെട്ടികളും പൊലീസ് പിടിച്ചെടുത്തു.
ചൊവ്വാഴ്ച രാത്രി ഘോഘ താലൂക്കിലെ ഖരാദി ഗ്രാമത്തിലാണ് സംഭവം. ഏഴ് സുഹൃത്തുക്കൾ ചേർന്ന് നടത്തിയ മദ്യസൽക്കാരത്തിനിടെയാണ് വ്യാജമദ്യം കഴിച്ചത്. മദ്യപിച്ചതിന് പിന്നാലെ പലർക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ചികിത്സയിലുള്ള 20 പേരിൽ 12 പേർ ഭാവ്നഗർ സിറ്റി ആശുപത്രിയിലും അഞ്ച് പേർ ആരോഗ്യാം ആശുപത്രിയിലും ഒരാൾ ബിഐഎംഎസ് ആശുപത്രിയിലും രണ്ട് പേർ വേദ് ഐസിയുവിലുമാണ് ചികിത്സയിലുള്ളത്. പ്രത്യേക മെഡിക്കൽ സംഘം ഇവരെ നിരീക്ഷിച്ചുവരികയാണ്.
ഭാവ്നഗർ, മധ്യപ്രദേശ് സ്വദേശികൾ ചേർന്നാണ് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. വ്യാജമദ്യം നിർമിച്ച ശേഷം വിലകൂടിയ മദ്യത്തിന്റെ കുപ്പികളിൽ നിറച്ച് യഥാർഥ മദ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിൽപന നടത്തിയിരുന്നതെന്നാണ് വിവരം. കഴിഞ്ഞ മൂന്ന്-നാല് ദിവസമായി പ്രതികൾ വ്യാജമദ്യം വിതരണം ചെയ്തിരുന്നതായും പൊലീസ് അറിയിച്ചു.
എത്ര കുപ്പി വ്യാജമദ്യം വിൽപന നടത്തിയെന്നും ഏതൊക്കെ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്തെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. പിടിച്ചെടുത്ത വ്യാജമദ്യത്തിന്റെ സാമ്പിളുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.
ഗുജറാത്തിൽ മദ്യനിരോധനം നിലനിൽക്കുന്നതിനിടെയാണ് വ്യാജമദ്യം കഴിച്ച് ദുരന്തമുണ്ടായത്. സംസ്ഥാനത്ത് മദ്യത്തിന്റെ ഉൽപാദനം, വിൽപന, ഉപയോഗം എന്നിവ നിയമപരമായി നിരോധിച്ചിരിക്കുകയാണ്.











