കരിമണൽ കമ്പനിയായ സിഎംആർഎല്ലും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനിയും തമ്മിൽ നടന്നെന്ന് പറയപ്പെടുന്ന കൈക്കൂലി ആരോപണത്തിൽ തുടങ്ങിയ കേസ് ഇപ്പോഴിതാ മറ്റൊരു വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. സേവനങ്ങളൊന്നും നൽകാതെ വീണയുടെ കമ്പനിക്ക് പണം നൽകിയത് സംബന്ധിച്ചുള്ള അന്വേഷണം ഹവാല ഇടപാടുകളിലേക്ക് വിരൽചൂണ്ടിയിരിക്കുകയാണ് എൻഫോഴ്‌സമെന്റ് ഡയക്ടറേറ്റ്. വീണയുടെ പക്കൽനിന്ന് കണ്ടെടുത്ത കൈയെഴുത്ത് കുറിപ്പുകളാണ് അന്വേഷണത്തെ വഴിത്തിരിവിലെത്തിച്ചിരിക്കുന്നത്. വീണയ്ക്ക് പങ്കാളിത്തമുള്ള രണ്ടാമത്തെ സ്ഥാപനമായ ‘ലേക്കര്‍ ഇന്ത്യ കോര്‍പ്’ അടിമുടി ദുരൂഹമാണ്. കോഴിക്കോട് കേന്ദ്രീകരിച്ച് 2023-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ പങ്കാളിത്ത സ്ഥാപനത്തിന്റെ പ്രവര്‍ത്തന രീതികളും സാമ്പത്തിക ഇടപാടുകളും ദുരൂഹമാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഡയറി കേന്ദ്രീകരിച്ചുള്ള പുതിയ നീക്കങ്ങളിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതിനോടകം കടക്കുകയും ചെയ്തിട്ടുണ്ട്. സിഎംആർഎല്ലിൽ നിന്ന് ലഭിച്ചതിനേക്കാൾ തുകയുടെ ഇടപാടുകൾ ഡയറിയിൽ കാണിച്ചിട്ടുണ്ടെന്നാണ് ഇ.ഡി.പറയുന്നത്. 27-05-2026ൽ നടത്തിയ റെയ്ഡിൽ വീണ എഴുതിയ കൈയെഴുത്ത് കുറിപ്പുകൾ പിടിച്ചെടുത്തിരുന്നു. ഇതിൽ പണമിടപാടുകൾ നടത്തിയ വ്യക്തികളുടെ പേരുകൾ, ചെലവാക്കിയ തുകകൾ എന്നിവയെല്ലാം കുറിച്ചിട്ടുണ്ട്.
3.49 ലക്ഷം ദിർഹം, ഏകദേശം 85 ലക്ഷം രൂപ ദുബായിലേക്ക് കൈമാറിയതായും ഏകദേശം 20.05 കോടി രൂപയുടെ ഇടപാടുകളും ഡയറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഇഡി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കേസിൽ ഫെമ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് തീരുമാനം. ആര്‍ക്കാണ് പണം കൈമാറിയത് എന്നതില്‍ വിശദമായ അന്വേഷണം നടത്തും. വരുമാനത്തിന് അപ്പുറമുള്ള വീണയുടെ പണമിടപാടുകളും ഇ ഡി വിശദമായി പരിശോധിക്കും.
കഴിഞ്ഞദിവസം കോഴിക്കോട്ട് മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഇഡി നടത്തിയ മിന്നല്‍ റെയ്ഡിന് പിന്നാലെയാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ അടങ്ങിയ വാര്‍ത്താക്കുറിപ്പ് ഇഡി പുറത്തുവിട്ടത്. കേസുമായി ബന്ധപ്പെട്ട് വീണയെ ഇതിനോടകം രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. പുതിയ തെളിവുകളുടെയും ഹവാല ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ വീണയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് ഇഡിയുടെ നീക്കം.
ഇഡിയുടെ ഇതുവരെയുള്ള കണ്ടെത്തലുകൾ എന്തെല്ലാമെന്ന് നോക്കാം
കോർപ്പറേറ്റ് തട്ടിപ്പുകളും കൈക്കൂലി ഇടപാടുകളും അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) നടത്തിയ അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തത്. കഴിഞ്ഞ 15 വർഷത്തിനിടെ 182 കോടി രൂപയുടെ വ്യാജ ചെലവുകൾ CMRL കാണിച്ചതായും ഈ പണം പലർക്കും കൈക്കൂലി നൽകാൻ ഉപയോഗിച്ചതായും SFIO അന്വേഷണത്തിൽ കണ്ടെത്തി. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണയ്ക്ക് യാതൊരു സേവനവും നൽകാതെ തന്നെ CMRL പണം നൽകി. വീണയുടെ ഉടമസ്ഥതയിലുള്ള വൺ-പേഴ്സൺ കമ്പനിയായ ‘എക്‌സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്’ ഐടി കൺസൾട്ടൻസി 2.78 കോടി രൂപ CMRL-ൽ നിന്ന് കൈപ്പറ്റി. CMRL എം.ഡി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള ‘എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്’എന്ന കമ്പനി വഴി എക്‌സാലോജിക്കിന് 50 ലക്ഷം രൂപ വായ്പയായി നൽകി. മുൻപ് വാങ്ങിയ തുകകൾ കൃത്യമായി തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടും 50 ലക്ഷം രൂപ രൂപ നൽകിയിട്ടുണ്ട്. 27-05-2026-ൽ വീണയുടെയും CMRL പ്രൊമോട്ടർമാരുടെയും കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ വീണ എഴുതിയ ചില കൈയെഴുത്ത് കുറിപ്പുകൾ ED പിടിച്ചെടുത്തു. ഇതിൽ പണമിടപാടുകൾ നടത്തിയ വ്യക്തികളുടെ പേരുകൾ, ചെലവാക്കിയ തുകകൾ, ദുബായിലേക്ക് കടത്തിയ പണം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്.
3.49 ലക്ഷം യുഎഇ ദിർഹം (ഏകദേശം 85 ലക്ഷം രൂപയോളം) ദുബായിലേക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യൻ രൂപയിലുള്ള ഇടപാടുകൾ ഏകദേശം 20.05 കോടി രൂപയോളവും വരും. വീണയുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡിന്റെ ഫോട്ടോ കണ്ടെത്തി. വൈഫൈ റൂട്ടർ വഴി ഇന്റർനെറ്റ് അധിഷ്ഠിത കോളുകൾ ചെയ്യാനാണ് ഇത് ഉപയോഗിച്ചതെന്ന് ഇഡി സംശയിക്കുന്നു. സിം നൽകിയ വ്യക്തിയെയും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഹവാല ചാനലുകൾ വഴി പണം കടത്തിയതിന് തെളിവുകളുണ്ട്. വീണ കൈകാര്യം ചെയ്ത തുകകൾ അവരുടെ അറിയപ്പെടുന്ന വരുമാന മാർഗ്ഗങ്ങൾക്ക് അപ്പുറത്തുള്ളതാണ്. ഡയറിയിൽ കാണിച്ചിരിക്കുന്ന തുകകൾ CMRLൽ നിന്ന് ലഭിച്ചതിനേക്കാൾ വളരെ കൂടുതലാണ്.
ED നീക്കത്തിൽ സിപിഎം നിലപാട്
എന്നാൽ വീണയുടെ ഭർത്താവും സിപിഎം നേതാവും എംഎൽഎയുമായ മുഹമ്മദ് റിയാസിലേക്കും അന്വേഷണം നീളുന്നതിൽ കടുത്ത എതിർപ്പ് സിപിഎം അറിയിക്കുന്നുണ്ട്. ഇത് രാഷ്ട്രീയ പകപോക്കലാണെന്നും റിയാസിലൂടെ പിണറായിയിലേക്ക് എത്തി സിപിഎമ്മിനെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ളവർ പറയുന്നത്. അതിനിടെ, ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട മലയാള മനോരമയുടെ വാർത്ത പച്ചക്കള്ളമെന്ന ആരോപണവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കൂടിയായ മുഹമ്മദ് റിയാസ് രംഗത്തെത്തിയിട്ടുണ്ട്. വാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റിയാസ് വ്യക്തമാക്കുന്നു.
ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം നേരത്തേ തന്നെ വിശദമായി മാധ്യമങ്ങൾക്ക് മറുപടി നൽകിയതാണ്. സിഎംആറിൽ നിന്ന് വീണയ്ക്ക് സേവനത്തിന് ലഭിച്ച പണം തന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്നും, ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ തന്നോട് ഫോണിൽ വിശദീകരണം ചോദിച്ചുവെന്നുമുള്ള മനോരമ വാർത്ത അസംബന്ധമാണെന്നും തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ, നിയമപരമായി നേരിടാനാകും എന്ന നല്ല ബോധ്യമുണ്ടെന്നുമാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അതേസമയം, വിഷയം പ്രതിപക്ഷവും ഏറ്റെടുക്കുകയാണ്. ഹവാല പണമിടപാട് വരെ പുറത്തുവന്ന സാഹചര്യത്തിൽ ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും രാജി വെക്കണമെന്നും അല്ലെങ്കിൽ അദ്ദേഹത്തെ മാറ്റിനിർത്താൻ സിപിഎം തയ്യാറാകണമെന്നും ആവശ്യപ്പെടുകയാണ് ബിജെപി നേതാവ് ഷോൺ ജോർജ്. വീണയ്ക്ക് കിട്ടിയ പണമെല്ലാം പിണറായിക്ക് കിട്ടിയ കൈക്കൂലിയാണെന്നും ഈ നാടിനെ വിറ്റ പണമാണെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.
അതേസമയം, ഹവാല ആരോപണങ്ങളുടെ നിഴലിലേക്ക് വീണ വിജയന്‍ വീണ്ടും മാറുമ്പോള്‍ സിപിഎം ഏതുരീതിയിലുള്ള രാഷ്ട്രീയ കവചമായിരിക്കും തീര്‍ക്കുകയെന്നത് വരും ദിവസങ്ങളില്‍ കണ്ടറിയണം. പ്രതിപക്ഷ നേതാവിന്റെ കുടുംബത്തിനെതിരെ വരുന്ന അന്വേഷണങ്ങളെ കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയ പ്രതികാരമായി ചിത്രീകരിച്ച് പ്രതിരോധിക്കാനാണ് പാര്‍ട്ടി എന്നും ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ സാമ്പത്തിക തെളിവുകള്‍ പുറത്തുവരുമ്പോള്‍ രാഷ്ട്രീയ പ്രതിരോധം എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യം ഉയര്‍ന്നുകഴഞ്ഞു. വിഷയത്തിൽ വീണയ്ക്ക് രാഷ്ട്രീയ പ്രതിരോധം തീർക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന നിലപാടിലാണ് സിപിഐ. പാർട്ടിയുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഒരു കേസാണിതെന്നും അതിനാൽ അനാവശ്യമായി ഇടപെട്ട് പ്രശ്നങ്ങൾ ചോദിച്ചുവാങ്ങേണ്ടതില്ലെന്നും സിപിഐ നേതൃത്വം വിശ്വസിക്കുന്നു.




