പത്തനംതിട്ട: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ കാറിലെത്തിയ അഞ്ചംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. നാരങ്ങാനം തെക്കേത്തടത്തിൽ വീട്ടിൽ ജിനുവിനാണ് (48) ആക്രമണത്തിൽ പരിക്കേറ്റത്.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ അന്ത്യാളങ്കാവ് മാർത്തോമാ പള്ളിക്ക് സമീപമായിരുന്നു സംഭവം. വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ജിനുവിനെ കാർ പിന്തുടർന്നെത്തിയ സംഘം വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൈയ്ക്കും കാലിനുമാണ് വെട്ടേറ്റത്.
പരിക്കേറ്റ ജിനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ഉപയോഗിച്ച കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.




