മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കൺവീനർ അഭിജീത് ദീപ്കെ. സംസ്ഥാനത്തെ നിരവധി സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നും വിദ്യാർഥികൾ ദുരിതകരമായ സാഹചര്യത്തിലാണ് പഠിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നല്ല ക്ലാസ്മുറികൾ, ബെഞ്ചുകൾ, ശുചിമുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പല സ്കൂളുകളിലും ലഭ്യമല്ലെന്നാണ് ദീപ്കെയുടെ ആരോപണം. ലാത്തൂരിലെ ജില്ലാ പരിഷത്ത് സ്കൂൾ സന്ദർശിച്ചതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹം രംഗത്തെത്തിയത്.
സിജെപി കഴിഞ്ഞയാഴ്ച ആരംഭിച്ച ‘സ്കൂൾ തീക് കരോ’ പ്രചാരണത്തിന്റെ ഭാഗമായാണ് അഭിജീത് ദീപ്കെ സർക്കാർ സ്കൂളുകൾ സന്ദർശിച്ചത്. നിരവധി സ്കൂളുകളിൽ ഇപ്പോഴും മതിയായ ക്ലാസ്മുറികളില്ലെന്നും വിദ്യാർഥികളോട് വളരെ മോശം സാഹചര്യത്തിലാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സ്കൂളുകളുടെ ഈ അവസ്ഥയ്ക്ക് ജനപ്രതിനിധികളും മന്ത്രിമാരും ഉത്തരവാദികളാണെന്നും ദീപ്കെ ആരോപിച്ചു.
വിദ്യാർഥികളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത സാഹചര്യത്തിൽ ജനപ്രതിനിധികൾ എന്തിനാണ് തിരഞ്ഞെടുക്കപ്പെടുന്നതെന്ന് ചോദിച്ച ദീപ്കെ, കുട്ടികൾ പഠിക്കുന്ന സാഹചര്യങ്ങൾ രക്ഷിതാക്കൾ നേരിട്ട് മനസിലാക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാർ സ്കൂളുകളുടെ യഥാർഥ സ്ഥിതി മനസിലാക്കാൻ എംഎൽഎമാരും മന്ത്രിമാരും സ്വന്തം മക്കളെ സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പരാജയപ്പെട്ട വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെയ്ക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




