ഗാസിയാബാദ്: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും 16 വയസ്സുള്ള മകളെയും വെട്ടിക്കൊലപ്പെടുത്തി 40കാരൻ. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഡെൽറ്റ കോളനിയിലാണ് സംഭവം. ആക്രമണത്തിൽ ഒമ്പത് വയസ്സുള്ള ഇളയ മകൾക്കും ഗുരുതരമായി പരിക്കേറ്റു.
രാജീവ് എന്നയാളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ഭാര്യ ശിവാനി (38), മൂത്ത മകൾ നികിത (16) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
വെള്ളിയാഴ്ച രാത്രി രാജീവും ഭാര്യ ശിവാനിയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. വഴക്ക് രൂക്ഷമായതോടെ രാജീവ് വീട്ടിലുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഭാര്യയെയും മക്കളെയും ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ്, ഫോറൻസിക് സംഘം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
സംഭവത്തിന് പിന്നാലെ രാജീവ് ഒളിവിൽ പോയി. പ്രതിയെ കണ്ടെത്താനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.




