ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയെ സിനിമാ സെറ്റായി കാണുകയാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. നിയമസഭയിൽ വിജയ് ‘പഞ്ച് ഡയലോഗുകൾ’ പറയുകയാണെന്നും സ്റ്റാലിൻ വിമർശിച്ചു.
ഡിഎംകെ സർക്കാർ നേരത്തെ നടപ്പാക്കിയ പദ്ധതികളുടെ പേര് മാറ്റുന്നതാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പ്രധാന ജോലിയെന്നും സ്റ്റാലിൻ ആരോപിച്ചു. ഡിഎംകെ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്നത് കൊണ്ട് ഡിഎംകെ സ്ഥിരമായി പരാജയപ്പെട്ടിട്ടില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവിക്ക് പാർട്ടി ഭാരവാഹികളുടെ പ്രവർത്തനവും കാരണമായിട്ടുണ്ട്. തെറ്റുകൾ പരസ്യമായി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു വ്യക്തിയുടെ തെറ്റിന്റെ ഫലം 75 വർഷം പഴക്കമുള്ള പാർട്ടിയാണ് അനുഭവിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. ഓരോ മണ്ഡലത്തിലെയും സാഹചര്യം പ്രത്യേകം പരിശോധിക്കുന്നതിന് പകരം സമഗ്രമായ വിലയിരുത്തലാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ യുവാക്കളുടെ സാന്നിധ്യം വർധിപ്പിക്കാനും ഡിഎംകെ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇതിനായി വിവിധ പാർട്ടി സ്ഥാനങ്ങൾക്ക് പ്രായപരിധിയും കാലാവധിയും നിശ്ചയിച്ച് പ്രമേയം പാസാക്കി.




