തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവർഗ വിഭാഗക്കാർക്ക് നൽകി വന്നിരുന്ന 1000 രൂപ ധനസഹായം നിർത്തി പകരം ഓണക്കോടി നൽകാനുള്ള തീരുമാനം സർക്കാർ തിരുത്തി. പഴയ രീതിയിൽ 1000 രൂപ തന്നെ ധനസഹായമായി നൽകാൻ സർക്കാർ തീരുമാനിച്ചു.
പണം നൽകുന്ന രീതി മാറ്റിയതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഉത്തരവ് ഭേദഗതി ചെയ്തത്. ഇതനുസരിച്ച് പട്ടികജാതി-പട്ടികവർഗ വകുപ്പ് നേരത്തെ പുറപ്പെടുവിച്ച ഉത്തരവിൽ മാറ്റം വരുത്തി.
സംസ്ഥാനത്തെ 60 വയസ്സ് മുതലുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഓണത്തോടനുബന്ധിച്ച് 1000 രൂപ ധനസഹായം നേരത്തെ മുതൽ നൽകി വരുന്നതാണ്. സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ളവർക്ക് ബാങ്ക് മുഖേനയും അക്കൗണ്ട് ഇല്ലാത്തവർക്ക് രേഖകളുടെ അടിസ്ഥാനത്തിൽ എസ്.ടി. പ്രമോട്ടർമാർ വഴിയുമാണ് ധനസഹായം വിതരണം ചെയ്തിരുന്നത്.
പണം നൽകുന്ന രീതി മാറ്റി ഓണക്കോടി നൽകാനുള്ള തീരുമാനത്തിനെതിരെ വിവിധ കോണുകളിൽനിന്ന് പരാതികൾ ഉയർന്നതോടെയാണ് സർക്കാർ പഴയ രീതി തുടരാൻ തീരുമാനിച്ചത്.


