തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലെത്തി ഊഞ്ഞാലാടി റീൽസ് ചിത്രീകരിച്ച് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിൽ ഒപ്പിടാനെത്തിയ പ്രതികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഊഞ്ഞാലിൽ ആടുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്.
പൊലീസുകാർ ആഘോഷ സമയത്ത് ധരിച്ചിരുന്ന അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചാണ് പ്രതികൾ സ്റ്റേഷനിലെത്തിയത്. തുടർന്ന് സ്റ്റേഷൻ വളപ്പിലെ ഊഞ്ഞാലിൽ ആടുന്നതിന്റെയും റീൽസ് ചിത്രീകരിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
ഐ.പി. ബിനു ഉൾപ്പെടെയുള്ള പ്രതികളാണ് ഊഞ്ഞാലാടിയത്. ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായവർ പൊലീസ് സ്റ്റേഷനിൽ ഇത്തരത്തിൽ പെരുമാറിയത് സംബന്ധിച്ച് വിമർശനവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദീകരണം നൽകിയിട്ടില്ല.











