ആലപ്പുഴ: എം.സി. റോഡിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.
മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബസ് ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ പരിക്കേറ്റ 21 പേരെയും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


