തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിനായി ധനവകുപ്പ് 32 കോടി രൂപ അനുവദിച്ചു. തുക ലഭ്യമായതോടെ ഓണത്തിന് മുന്നോടിയായി അർഹരായ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിൽ പെൻഷൻ തുക എത്തുമെന്ന് അധികൃതർ അറിയിച്ചു.
മുൻ സർക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വിതരണം മുടങ്ങാൻ കാരണമായതെന്നാണ് സർക്കാർ വിശദീകരണം.
പ്രവാസികളോടുള്ള സർക്കാരിന്റെ പ്രതിബദ്ധത മുൻനിർത്തിയാണ് വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ആദ്യഘട്ട തുക അനുവദിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
കുടിശ്ശികയായിട്ടുള്ള മുഴുവൻ പെൻഷൻ തുകയും എത്രയും വേഗം അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ശേഷിക്കുന്ന തുക അനുവദിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.




