കോഴിക്കോട്: കൊടുവള്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസ് പിൻവലിക്കാൻ സമ്മർദം. കേസ് ഒത്തുതീർപ്പാക്കാൻ പണവും സമ്മാനങ്ങളും നൽകാമെന്ന് കുട്ടിയുടെ പിതാവിനോട് പ്രതികളുടെ അടുത്ത ബന്ധു ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നു. അതേസമയം, കേസിലെ പ്രതികൾ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച സൂചന.
ഈ മാസം ആറിനാണ് കുട്ടിയുടെ പിതാവിന്റെ ബന്ധുക്കൾ വിദ്യാർഥിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദനം. കുട്ടിയുടെ ശരീരത്തിലുണ്ടായ മുറിവുകളിൽ മുളകുപൊടി തേച്ചതായും പരാതിയുണ്ട്.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടതോടെയാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. കുട്ടിയുടെ പിതാവിന്റെ സഹോദരനും ഭാര്യയ്ക്കുമെതിരെയാണ് കേസ്. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് പ്രതികളുമായി അടുത്ത ബന്ധമുള്ളവർ കുട്ടിയുടെ പിതാവിനെ സമീപിച്ചത്. പിന്മാറിയാൽ പണവും സമ്മാനങ്ങളും നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിന്റെ ശബ്ദസന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കേസെടുത്തതിന് പിന്നാലെ പ്രതികൾ ആദ്യം ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. പിന്നീട് സംസ്ഥാനം വിട്ടതായാണ് പൊലീസിന് ലഭിച്ച വിവരം. പ്രതികൾക്കായി അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.
മർദനം, ആയുധം ഉപയോഗിച്ച് ഉപദ്രവിക്കൽ, ബാലനീതി നിയമത്തിലെ വകുപ്പുകൾ എന്നിവ ചുമത്തിയാണ് കൊടുവള്ളി പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾ ഒളിവിൽ പോയതോടെ ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ശക്തമാക്കി.




