വിഭവസമൃദ്ധമായ ഓണസദ്യ വാഴയിലയിൽ വിളമ്പി കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയല്ലേ. തറയിൽ ചമ്രം പടിഞ്ഞിരുന്ന് വാഴയിലയിൽ സദ്യ കഴിക്കുന്നത് വെറും എയ്സ്ത്തെറ്റിക് വൈബിന് വേണ്ടിയാണെന്ന് കരുതരുത്. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നാണ് പഴമക്കാർ പറയുക.
വാഴയിലയില്‍ കഴിക്കുന്ന ചോറിന് ഒരു പ്രത്യേക രുചിയാണെന്ന് തോന്നാറില്ലേ, അത് യാദൃച്ഛികമല്ല, വാഴയിലയുടെ പുറമെയുള്ള പ്രകൃതിദത്തമായ വാക്സ് കോട്ട് ആണ് കാരണം. ചൂടു ചോറ് വാഴയിലയില്‍ വിളമ്പുമ്പോള്‍ ഈ വാക്സ് കോട്ട് ഉരുകും. ഇത് ചോറിന് രുചിയും മണവും കൂട്ടും. കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾ മികച്ച ഒരു ആന്റി-ഓക്സിഡന്റ് ആണത്രേ. ഇത് ഭക്ഷണത്തിന്റെ പോഷക മൂല്യം വർധിപ്പിക്കും. മാത്രമല്ല, പ്ലാസ്റ്റിക് പോലുള്ളവ പരിസ്ഥിതിക്ക് വലിയ തോതിൽ ദോഷം ഉണ്ടാക്കുമ്പോൾ വാഴയില തികച്ചും പരിസ്ഥിതിയ്ക്ക് അനുയോജ്യമാണെന്നതും ശ്രദ്ധേയം.
ഓണസദ്യയ്ക്ക് തൂശനില ഇടുമ്പോള്‍ അഗ്രഭാഗം (തലഭാഗം) ഇരിക്കുന്ന ആളുടെ ഇടത് വശത്തും മുറിച്ച ഭാഗം വലത് ഭാഗത്തും വരണം. വിളമ്പുന്നതിന് മുൻപ് ഇലയിൽ അൽപം വെള്ളം കുടഞ്ഞു തുടയ്ക്കുന്നത് മിക്കവാറും കാണാറുള്ള രീതിയാണ്. ഇത് ഇല വൃത്തിയാക്കാനാണെന്ന് തോന്നുമെങ്കിലും ഈ ശീലം പരമ്പരാഗതമായി ആതിഥേയനോട് ബഹുമാനം കാണിക്കുന്നതിനു കൂടിയാണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ, ഇല ഉള്ളിലേക്കാണ് മടക്കേണ്ടത് (നിങ്ങളുടെ നേരെ). ഇത് ഭക്ഷണത്തോടുള്ള സംതൃപ്തി, നന്ദി എന്നിവ സൂചിപ്പിക്കാനാണത്രെ.


