തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ. ശക്തനാണ് കെപിസിസി നേതൃത്വത്തിന്റെ അനുമതിയോടെ നടപടി സ്വീകരിച്ചത്.
ചേന്തി അനിലിനെതിരെ നടപടി വേണമെന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായിരുന്നുവെന്നാണ് വിവരം. നിലവിൽ കോൺഗ്രസിലെ ഒരു നേതാവിന്റെയും പിന്തുണ ചേന്തി അനിലിന് ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയെ തെരുവിൽ തടഞ്ഞുനിർത്തുന്ന നടപടി പാർട്ടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് നേതൃത്വം.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രിയെ തടഞ്ഞുനിർത്തിയാൽ അറസ്റ്റ് ഉണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരനും വ്യക്തമാക്കിയിരുന്നു.
ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ വാഹനവ്യൂഹം തടഞ്ഞതെന്നാണ് വിവരം. ചെമ്പഴന്തിയിലേക്ക് പോകുന്നതിനിടെ ചേന്തിയിൽവെച്ചാണ് പ്രവർത്തകർ കൈകാണിച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം നിർത്തിയത്.
മുഖ്യമന്ത്രിയോട് പ്രവർത്തകർ മോശമായി പെരുമാറിയതായി പൊലീസ് ആരോപിച്ചിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ പട്ടികയിൽ ചേന്തിയിലെ പരിപാടി ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
മുഖ്യമന്ത്രി നേരത്തെ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും അവസാന നിമിഷം പരിപാടിയിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നുമാണ് സംഘാടകരുടെ വിശദീകരണം. എല്ലാ വർഷവും ചെമ്പഴന്തിയിലെത്തുന്ന മുഖ്യമന്ത്രിമാർ ശ്രീനാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയിൽ പങ്കെടുക്കാറുണ്ടെന്നും സംഘാടകർ ചൂണ്ടിക്കാട്ടി.
ചേന്തി അനിലിനെതിരായ പൊലീസ് റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങളും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി എത്തിയതെന്നും കാറിൽനിന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസ് റിപ്പോർട്ടിലെ ആരോപണം.
മുഖ്യമന്ത്രിയുടെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിൽ ചേന്തി അനിലിനെതിരെ നിരവധി കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പ്രതി റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നയാളാണെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.











