മലപ്പുറം: വസ്ത്രത്തിൽ അബദ്ധത്തിൽ തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് സ്വദേശി സുനീഷിന്റെ മകൾ അവനി (7) ആണ് മരിച്ചത്. ന്യൂമോണിയ ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ആമയൂർ എഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അവനി. രണ്ട് മാസം മുൻപാണ് ദീപം തെളിക്കുന്നതിനിടെ കുട്ടിയുടെ വസ്ത്രത്തിലേക്ക് തീ പടർന്നത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാഴ്ച മുൻപ് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ പിന്നീട് ന്യൂമോണിയ ബാധിച്ചതോടെ വീണ്ടും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ജിൻഷിയാണ് മാതാവ്. അമയ് മഹാദേവ് സഹോദരനാണ്.


