കാലിഫോര്‍ണിയ: അമേരിക്കയിലെ കാലഫോര്‍ണിയയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിമുടി ദുരൂഹത. തൃശൂര്‍ മണ്ണുത്തി മൂടിക്കോട് സ്വദേശി അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. മില്‍പിറ്റാസിലാണ് മലയാളി യുവതി സുഹൃത്തുക്കളായ രണ്ട് യുവതികളെ കൊലപ്പെടുത്തിയത്. ഇവരുടെ സുഹൃത്ത് കോട്ടയം മൂന്നിലവ് സ്വദേശി അനില (32) യെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലപാതകത്തിന് കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ലെന്നാണ് തൃശൂര്‍ സ്വദേശിനി അഞ്ജനയുടെ ബന്ധുക്കള്‍ പറയുന്നത്. ക്രൂരകൃത്യത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് കുടുംബത്തിന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് അഞ്ജനയുടെ ബന്ധുവായ വിനോദ് പറഞ്ഞു. ഡിക്സണ്‍ ലാന്‍ഡിങ് റോഡിലെ മില്‍ക്രീക് അപ്പാര്‍ട്ട്മെന്റിലാണ് മൂന്നു യുവതികളും താമസിച്ചിരുന്നത്. മൂന്നു പേരും ഉറ്റ സുഹൃത്തുക്കളായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞദിവസം ഓണാഘോഷത്തില്‍ ഒന്നിച്ചു പങ്കെടുക്കുകയും, തിയേറ്ററില്‍ ഒന്നിച്ചു നിവിൻ പോളിയുടെ ബത്ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമ കാണാന്‍ പോകുകയും ഇവര്‍ ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അപ്പാര്‍ട്ട്മെന്റിലെ പാര്‍ക്കിങ് ഏരിയയില്‍ നീല നിറത്തിലുള്ള എസ് യു വി ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയശേഷം കടന്നുകളയുന്നത് ദൃക്സാക്ഷികള്‍ കണ്ടിരുന്നു. വണ്ടിയോടിച്ചത് സ്ത്രീയാണെന്ന് താമസക്കാര്‍ മില്‍പീറ്റ്സ് പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ അഞ്ജനയെ സംഭവസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.


