ഈറോഡ്: തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സെൻട്രൽ ജില്ലാ മുൻ സെക്രട്ടറിയുമായ തോപ്പു എൻ.ഡി. വെങ്കടാചലം പാർട്ടിയിൽ നിന്ന് രാജിവെച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കയ്പേറിയ അനുഭവങ്ങളാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ഡിഎംകെയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുന്നതായി വെങ്കടാചലം അറിയിച്ചു. എന്നാൽ താൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുന്തുറൈ മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിച്ച വെങ്കടാചലം നേരിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്. മണ്ഡലത്തിലെ ചില അനുഭവങ്ങൾ കാരണം പാർട്ടിയിൽ തുടരാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പാർട്ടികളിലും ഗ്രൂപ്പ് വഴക്കുകൾ ഉണ്ടാകാറുണ്ട്. എന്നാൽ അതിന് ഒരു പരിധിയുണ്ടെന്നും ചില പാർട്ടികളിൽ ഇത് പരിധി വിടുന്നുണ്ടെന്നും വെങ്കടാചലം വിമർശിച്ചു.
വരാനിരിക്കുന്ന പെരുന്തുറൈ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ജനങ്ങൾക്ക് തന്റെ സേവനം ആവശ്യമാണെന്ന് തോന്നിയാൽ മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ മറ്റൊരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും പിന്നീട് തീരുമാനം എടുക്കുമെന്നും വെങ്കടാചലം വ്യക്തമാക്കി. ഇപ്പോൾ എ.ഐ.എ.ഡി.എം.കെ.യിലോ ബി.ജെ.പി.യിലോ ചേരാനുള്ള പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻ മന്ത്രി എസ്. മുത്തുസ്വാമിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പെരുന്തുറൈയിലെ വെങ്കടാചലത്തിന്റെ തോൽവിക്ക് കാരണമെന്ന് ഡി.എം.കെ അണികൾ നേരത്തെ ആരോപിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ ഈറോഡ് സെൻട്രൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
അതേസമയം, പെരുന്തുറൈയിൽ വിജയിച്ച എഐഎഡിഎംകെ അംഗം ജയകുമാർ രാജിവെച്ച് ടിവികെയിൽ ചേർന്നതോടെ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയിട്ടുണ്ട്. എന്നാൽ പെരുന്തുറൈ ഉൾപ്പെടെ തമിഴ്‌നാട്ടിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുന്നതിനുള്ള ഇടക്കാല സ്റ്റേ മദ്രാസ് ഹൈക്കോടതി സെപ്റ്റംബർ 8 വരെ നീട്ടിയിട്ടുണ്ട്.




