കൊല്ലം: കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിൽ മോഷണം വ്യാപകമാകുന്നു. അഞ്ചൽ, ഏരൂർ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് കഴിഞ്ഞ ദിവസം മൂന്ന് വീടുകളിൽ മോഷണം നടന്നത്. ആലഞ്ചേരി സ്വദേശി ജേക്കബ് ചാക്കോ, അഞ്ചൽ സ്വദേശി എബി, മുതലാറ്റ് സ്വദേശി തങ്കച്ചൻ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. സ്വർണം, പണം ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടാക്കൾ കവർന്നു. മൂന്ന് വീടുകളിലും മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അലമാരകളും മേശകളും കുത്തിപ്പൊളിച്ച് സാധനങ്ങളും രേഖകളും പുറത്തെടുത്ത് നശിപ്പിച്ച നിലയിലാണ്.
ജേക്കബ് ചാക്കോയുടെ വീട്ടിൽ നിന്ന് നാല് ഗ്രാം തൂക്കമുള്ള സ്വർണക്കമ്മലും 5,000 രൂപയും സിസിടിവിയുടെ ഹാർഡ് ഡിസ്‌കും മോഷണം പോയി. വേളാങ്കണ്ണി തീർത്ഥാടനത്തിന് പോയി തിരിച്ചെത്തിയ വീട്ടുകാരാണ് വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ മോഷണം നടന്ന വിവരം അറിഞ്ഞത്.
തങ്കച്ചന്റെ വീട്ടിലെ അലമാരകളും പെട്ടികളും മോഷ്ടാക്കൾ കുത്തിപ്പൊളിച്ചു. കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കറൻസികളും പെർഫ്യൂമും ഉൾപ്പെടെയുള്ള സാധനങ്ങളും ഇവിടെ നിന്ന് മോഷണം പോയി. എബിയുടെ വീട്ടിലും വാതിൽ കുത്തിപ്പൊളിച്ച് മോഷ്ടാക്കൾ അകത്ത് കടന്നെങ്കിലും കാര്യമായ സാധനങ്ങൾ നഷ്ടപ്പെട്ടിട്ടില്ല.
മൂന്ന് വീടുകളിലും ഒരേ സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൃത്യമായ നിരീക്ഷണം നടത്തിയ ശേഷമാണ് മോഷണം നടത്തിയതെന്നും പൊലീസ് പറഞ്ഞു. കൂടുതൽ പരിശോധനകൾക്ക് ശേഷമേ വിശദാംശങ്ങൾ വ്യക്തമാകൂ. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.


