കെപിസിസി പുനഃസംഘടനയും പുതിയ അധ്യക്ഷന്റെ തിരഞ്ഞെടുപ്പും ഉടന്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി. നേരത്തെ, ഓണം കഴിയുന്നതോടെ ഇക്കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും എന്നായിരുന്നു പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചിരുന്നത്. പക്ഷേ ഗ്രൂപ്പ് സമവാക്യങ്ങളും നേതാക്കള്‍ക്കിടയിലെ തര്‍ക്കങ്ങളും രൂക്ഷമായതോടെയാണ് പുനഃസംഘടന അനിശ്ചിതത്വത്തിലേക്ക് നീങ്ങിയത്. സംഘടനാരംഗത്ത് നിലനില്‍ക്കുന്ന ഈ പ്രതിസന്ധിയില്‍ താത്കാലിക പരിഹാരം കാണാന്‍ അധ്യക്ഷസ്ഥാനത്ത് കൂടുതല്‍ സജീവമാകാന്‍ മന്ത്രി സണ്ണി ജോസഫ് തീരുമാനിക്കുകയായിരുന്നു. പാർട്ടി അധ്യക്ഷ പദവിയും മന്ത്രിസ്ഥാനവും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ തടസ്സമില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വന്നത്. കർണാടകയിൽ ഡി.കെ. ശിവകുമാർ ഇരു പദവികളും ഒരുമിച്ച് വിജയിപ്പിച്ച കീഴ്വഴക്കമുണ്ടെന്നത് ചൂണ്ടിക്കാണിച്ചാണ് സണ്ണി ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.
വകുപ്പിലെ ഭരണപരമായ പ്രതിസന്ധികളും തിരക്കുകളും പരിഹരിക്കപ്പെട്ട സാഹചര്യത്തില്‍ ഇനി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സണ്ണി ജോസഫിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തുള്ള ദിവസങ്ങളില്‍ കെപിസിസി ആസ്ഥാനത്ത് സജീവമായി ഉണ്ടാവാനും സംഘടനാ ചുമതലകള്‍ നേരിട്ട് ഏകോപിപ്പിക്കാനും അദ്ദേഹം തയ്യാറെടുക്കുകയാണ്. പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിൽ പാർട്ടിയിൽ തൽക്കാലം പൊതുസമ്മതി ഉണ്ടാകാത്തതിനാലും, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പുനഃസംഘടനയും നീറ്റ് വിഷയം അടക്കമുള്ള ദേശീയ തലത്തിലെ പ്രക്ഷോഭങ്ങളും മുൻനിർത്തി ദേശീയ തലത്തിൽ മറ്റ് മുൻഗണനകൾ ഉള്ളതിനാലും നിലവിലുള്ള ഭാരവാഹികളുമായി മുന്നോട്ടുപോകാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു.
നേതൃമാറ്റത്തെക്കുറിച്ചും പുനഃസംഘടനയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി അടുത്ത വ്യാഴാഴ്ച നിര്‍ണ്ണായകമായ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം ചേരും. എന്നാല്‍ പാര്‍ട്ടിയില്‍ സമവായമുണ്ടാകാത്ത സാഹചര്യത്തില്‍ ഉടന്‍ ഒരു തീരുമാനത്തിലേക്ക് എത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും.
മന്ത്രിസഭയില്‍ അംഗങ്ങളായ എം. ലിജുവും പി.സി. വിഷ്ണുനാഥും നിലവില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരാണ്. അധ്യക്ഷനൊപ്പം ഇവരോടും സംഘടനാ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂവരും ഒന്നിച്ച് സംഘടനാ സംവിധാനം ചലിപ്പിക്കാനാണ് നിലവിലെ നീക്കം. സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്കാണ് കെ.പി.സി.സി രൂപം നൽകുന്നത്. പ്രത്യേകിച്ച്, പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗലാപുരത്തെ ഒഴിവാക്കിയ വിഷയത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികൾ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നതിന് മുന്‍പായി കെപിസിസി അധ്യക്ഷനും വര്‍ക്കിങ് പ്രസിഡന്റുമാരും സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പര്യടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പാര്‍ട്ടി മെഷിനറിയെ ഉണര്‍ത്തുകയാണ് ഈ പര്യടനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാനും കോണ്‍ഗ്രസ് തീരുമാനം എടുത്തിട്ടുണ്ട്. വീണ്ടും ഭരണത്തിലെത്തിയ ശേഷം പ്രതിപക്ഷത്തെ നേരിടുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റി എന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധ പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയതിന് ശേഷം കോണ്‍ഗ്രസ് സംഘടനാരംഗത്ത് തികച്ചും നിര്‍ജീവമാണെന്നും ഭരണത്തിന്റെ തണലില്‍ പ്രതിഷേധ പരിപാടികള്‍ മറക്കുന്നുവെന്നുമുള്ള വിമര്‍ശനം മുന്നണിക്കുള്ളില്‍ നിന്നും അണികളില്‍ നിന്നും ഉയര്‍ന്നിരുന്നു. തന്നെ ഈ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സണ്ണി ജോസഫ് പരസ്യമായി ആവശ്യപ്പെടുന്ന നില വരെ എത്തിയതുമാണ്.
പക്ഷേ പുതിയൊരാളെ കണ്ടെത്താൻ സാധിക്കാതെ വരുകയായിരുന്നു. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ, ജോസഫ് വാഴയ്ക്കൻ, അടൂർ പ്രകാശ് തുടങ്ങി ടിഎൻ പ്രതാപൻ വരെ ആഗ്രഹം പ്രകടിപ്പ് രംഗത്തെത്തുകയും ചെയ്തതാണ്. എ ഗ്രൂപ്പില്‍ നിന്നും ഐ ഗ്രൂപ്പില്‍ നിന്നും പ്രമുഖ നേതാക്കൾ ഇത്തരത്തിൽ ശക്തമായി രംഗത്തെത്തി. ഓരോ വിഭാഗവും തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്കായി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ അന്തിമ തീരുമാനമെടുക്കാന്‍ കേന്ദ്ര നേതൃത്വത്തിനും സാധിക്കാതെ വരികയായിരുന്നു.
തര്‍ക്കങ്ങള്‍ പരിഹരിക്കാതെ പുതിയൊരു അധ്യക്ഷനെ പ്രഖ്യാപിച്ചാല്‍ പാര്‍ട്ടിയില്‍ അത് വലിയ പൊട്ടിത്തെറിക്ക് വഴിവെക്കുമെന്ന ഭയവും പുനഃസംഘടന നീട്ടിവെക്കാന്‍ കാരണമായി. നിലവിലെ ഭരണപരമായ നേട്ടങ്ങള്‍ക്കിടയില്‍ സംഘടനാ തര്‍ക്കങ്ങള്‍ തിരിച്ചടിയാകരുതെന്ന വിചാരവും നേതൃത്വത്തിനുണ്ട്. കെപിസിസി പുനഃസംഘടന നീളുമെന്ന് ഉറപ്പായതോടെ സണ്ണി ജോസഫ് പാര്‍ട്ടി ആസ്ഥാനത്ത് സജീവമാകുന്നതിലൂടെ നിലവിലെ വിമര്‍ശനങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും താത്കാലികമായി തടയിടാനാകുമെന്നാണ് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും കണക്കുകൂട്ടുന്നത്.




