തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കൂടി മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. കൈലാത്തുകോണം സ്വദേശികളായ സുരാജ്, ശ്രീജു, ശ്രീരാജ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ഓഗസ്റ്റ് 28ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഓണാഘോഷത്തിനിടെ ഉണ്ടായ തർക്കത്തിന് പിന്നാലെ മാരകായുധങ്ങളുമായി എത്തിയ 15 അംഗ സംഘം നാലുപേരെ ആക്രമിക്കുകയായിരുന്നു. റോഡിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ സംഘം തകർത്തു. വീടിന് നേരെയും കല്ലേറുണ്ടായി.
കൈലാത്തുകോണം സ്വദേശികളായ ബിജു (ഉണ്ണി), സഹോദരങ്ങളായ അനൂപ് (32), ദീപു (38), സുഹൃത്ത് ജിഷ്ണു (26) എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിൽ അനൂപിന്റെ തലയ്ക്കും കമ്പിവടി കൊണ്ടുള്ള അടിയിൽ ബിജുവിന്റെ തലയ്ക്കും ദീപുവിന്റെ കൈയ്ക്കും ജിഷ്ണുവിന്റെ തോളിനുമാണ് പരുക്കേറ്റത്. സംഭവത്തിൽ നേരത്തെ രാഹുൽ, ശ്രീജിത്ത്, മിഥുൻ (അമ്പാടി) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പൗരസമിതി സംഘടിപ്പിച്ച ഉറിയടി പരിപാടിക്കിടെയാണ് സംഘർഷത്തിന് തുടക്കമായതെന്ന് പൊലീസ് പറഞ്ഞു. ശ്രീരാജ്, സുരാജ്, ശ്രീജു, ഫഹദ് എന്നിവർ സംഘാടകരുമായി തർക്കിക്കുകയും തുടർന്ന് കയ്യേറ്റമുണ്ടാകുകയുമായിരുന്നു. ഇതോടെ പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ച ശേഷം മടങ്ങി.
എന്നാൽ പിന്നീട് പ്രതികൾ കൂടുതൽ ആളുകളുമായി സ്ഥലത്തെത്തി ആക്രമണം നടത്തുകയായിരുന്നു. രണ്ട് വർഷമായി നിലനിന്നിരുന്ന മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.













