മലപ്പുറം: മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കോഴിഫാം ജീവനക്കാരനായ അസം സ്വദേശി സിറാജുദ്ദീൻ, ഫാം ഉടമ സമീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിഫാമിൽ അനധികൃതമായി വൈദ്യുതി ലൈൻ സ്ഥാപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞ 26-ാം തീയതി രാവിലെ 11 മണിയോടെയാണ് കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ അപകടമുണ്ടായത്.
എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ (30), സാഹിർ (36) എന്നിവരാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. കോഴിഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെയാണ് ഇരുവർക്കും ഷോക്കേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




