കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ട പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ആകെ 17.5 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാംഘട്ടത്തിൽ 15 സ്റ്റേഷനുകളാണ് നിർദേശിച്ചിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളം ഉൾപ്പെടെ രണ്ട് സ്റ്റേഷനുകൾ ഭൂഗർഭമായിരിക്കും. അതേസമയം, അങ്കമാലി റെയിൽവേ സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. പദ്ധതിച്ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് അങ്കമാലി റെയിൽവേ സ്റ്റേഷൻ ഒഴിവാക്കിയതെന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) വിശദീകരിക്കുന്നത്.
എറണാകുളം നിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നാംഘട്ടത്തിന്റെ വിശദ പദ്ധതി രേഖ (ഡിപിആർ) കെഎംആർഎൽ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. ആലുവയിൽനിന്ന് ആരംഭിക്കുന്ന പാത കരിയാട് എത്തി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് തിരിയും. തുടർന്ന് നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജംഗ്ഷൻ എന്നിവിടങ്ങളിലൂടെ കടന്നുപോയി കരയാപറമ്പിൽ അവസാനിക്കുന്ന തരത്തിലാണ് അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത്.
ഡിപിആർ പ്രകാരം തോട്ടക്കാട്ടുകര, കുന്നംപുറം, പറമ്പയം, നെടുമ്പാശേരി, അത്താണി, കരിയാട്, നെടുമ്പാശേരി വിമാനത്താവള റെയിൽവേ സ്റ്റേഷൻ, നെടുമ്പാശേരി വിമാനത്താവളം, നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജംഗ്ഷൻ, ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി ടൗൺ, കോതകുളങ്ങര, കരയാപറമ്പ് എന്നിവിടങ്ങളിലായിരിക്കും 15 സ്റ്റേഷനുകൾ.
ആലുവ മുതൽ കരിയാട് വരെയുള്ള ഭാഗം ദേശീയപാത 544-ലൂടെ ഉയരപ്പാതയായാണ് നിർമിക്കുക. കരിയാട് മുതൽ നെടുമ്പാശേരി വിമാനത്താവളം വരെ ഏകദേശം മൂന്ന് കിലോമീറ്റർ പാത ഭൂഗർഭമായിരിക്കും. വിമാനത്താവള പരിസരത്തുനിന്ന് വീണ്ടും ഉയരപ്പാത ആരംഭിച്ച് കരയാപറമ്പിൽ അവസാനിക്കും.
വിമാനത്താവള മെട്രോ സ്റ്റേഷന്റെ സ്ഥാനം സംബന്ധിച്ച് സിയാലും കെഎംആർഎല്ലും ചർച്ച നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര, ആഭ്യന്തര ടെർമിനലുകൾക്കിടയിൽ താജ് ഹോട്ടലിന് മുന്നിലുള്ള ഭൂമിയാണ് സ്റ്റേഷനായി ഏറ്റവും അനുയോജ്യമെന്നാണ് സിയാലിന്റെ വിലയിരുത്തൽ.
അങ്കമാലി റെയിൽവേ സ്റ്റേഷൻ ഒഴിവാക്കിയതെന്തുകൊണ്ട്?
അങ്കമാലി റെയിൽവേ സ്റ്റേഷനെ മെട്രോ ശൃംഖലയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ വിമാനത്താവളത്തിൽനിന്ന് അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക് പാത നീട്ടണമെങ്കിൽ വീണ്ടും ദേശീയപാത 544-ലേക്ക് അലൈൻമെന്റ് തിരിച്ചുവിടേണ്ടിവരും. ഇതുമൂലം ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള ചെലവ് വർധിക്കുമെന്നാണ് സാധ്യതാ പഠനത്തിലെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ ഒഴിവാക്കിയതെന്നാണ് കെഎംആർഎൽ വ്യക്തമാക്കുന്നത്.
അങ്കമാലി റെയിൽവേ സ്റ്റേഷൻ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം വ്യാപാരികളും അങ്കമാലി മെട്രോ ആക്ഷൻ കൗൺസിലും നേരത്തെ ഉന്നയിച്ചിരുന്നു. നിലവിൽ കെഎംആർഎൽ സമർപ്പിച്ച ഡിപിആർ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. അങ്കമാലി റെയിൽവേ സ്റ്റേഷൻ കൂടി ഉൾപ്പെടുത്തി ഡിപിആർ പരിഷ്കരിക്കാൻ സർക്കാർ നിർദേശം നൽകുമോയെന്നാണ് ഇനി അറിയേണ്ടത്.




