ഡൽഹി: നീറ്റ്-യുജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സി.ബി.ടി) രീതിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം സുരക്ഷിതമായ പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെത്താൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (എഐസിടിഇ) സഹായം എൻടിഎ തേടി.
ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തടയുന്നതിനും പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര്യമാക്കുന്നതിനുമുള്ള പരിഷ്കാരങ്ങളുടെ ഭാഗമായാണ് നീറ്റ്-യുജി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി പരീക്ഷാ കേന്ദ്രങ്ങളുടെ ശൃംഖല വിപുലീകരിക്കാനാണ് നീക്കം.
സർക്കാർ എൻജിനീയറിങ് കോളജുകൾ, പോളിടെക്നിക്കുകൾ, സാങ്കേതിക-മാനേജ്മെന്റ് സ്ഥാപനങ്ങൾ എന്നിവയിലെ കമ്പ്യൂട്ടർ, ഐടി സൗകര്യങ്ങളുടെ വിശദാംശങ്ങളാണ് എഐസിടിഇ തേടിയിരിക്കുന്നത്. സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളുടെയും മറ്റ് സംവിധാനങ്ങളുടെയും എണ്ണം, ഇന്റർനെറ്റ് അധിഷ്ഠിത നെറ്റ്വർക്കിങ് സൗകര്യവും വേഗതയും, തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത, പവർ ബാക്കപ്പ്, യുപിഎസ് സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകണം.
ഇതിന് പുറമെ സിസിടിവി നിരീക്ഷണ സംവിധാനങ്ങൾ, പരീക്ഷാ കേന്ദ്രങ്ങളായി മാറ്റാൻ കഴിയുന്ന ഒഴിഞ്ഞ സ്ഥലത്തിന്റെ ലഭ്യത തുടങ്ങിയ വിവരങ്ങളും ശേഖരിക്കും. നിശ്ചിത ഫോർമാറ്റിൽ വിവരങ്ങൾ ശേഖരിച്ച് സ്ഥാപന മേധാവികൾ സാക്ഷ്യപ്പെടുത്തി സെപ്റ്റംബർ 15നകം സമർപ്പിക്കണമെന്നാണ് നിർദേശം.
സ്വകാര്യ പരീക്ഷാ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറച്ച് സർക്കാർ സ്ഥാപനങ്ങളിൽ ‘സ്റ്റാൻഡേർഡ് ടെസ്റ്റിങ് സെന്ററുകൾ’ (എസ്ടിസി) സ്ഥാപിക്കുകയാണ് എൻടിഎയുടെ ലക്ഷ്യം. പരീക്ഷാ നടത്തിപ്പിന്റെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനൊപ്പം സാങ്കേതിക സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.




