കൊച്ചി: നടി ലക്ഷ്മിപ്രിയ തന്നെ അവഹേളിച്ചെന്ന അൻസിബ ഹസന്റെ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. അൻസിബ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.
സ്ത്രീത്വത്തെ അപമാനിക്കുന്നതും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമർശങ്ങൾ ലക്ഷ്മിപ്രിയ നടത്തിയെന്നാണ് അൻസിബയുടെ പരാതി. പരാതിക്ക് ആധാരമായ ലക്ഷ്മിപ്രിയയുടെ അഭിമുഖം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എറണാകുളം മജിസ്ട്രേറ്റ് കോടതി നേരത്തെ അൻസിബയുടെ ഹർജി തള്ളിയിരുന്നു. പരാതിയിൽ കേസെടുക്കാൻ ആവശ്യമായ വകുപ്പുകൾ ഇല്ലെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്നുമായിരുന്നു കീഴ്കോടതിയുടെ നിരീക്ഷണം. പാലാരിവട്ടം പൊലീസും പരാതിയിൽ കേസെടുക്കാൻ തയ്യാറായിരുന്നില്ല.
നിരവധി തവണ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് അൻസിബ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയാണ് അൻസിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്നങ്ങൾ പുറത്തുവന്നത്. തുടർന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ ലക്ഷ്മിപ്രിയയുടെ അഭിമുഖത്തിലെ പരാമർശങ്ങളാണ് അൻസിബയുടെ പരാതിക്ക് ആധാരം.
ഇതിന് മുൻപ് അൻസിബയ്ക്കെതിരെ ലക്ഷ്മിപ്രിയ തൃപ്പൂണിത്തുറ പൊലീസിൽ പരാതി നൽകിയിരുന്നു. അൻസിബ അയച്ച വാട്സ്ആപ്പ് സന്ദേശം തന്റെ കുടുംബത്തിൽ പ്രശ്നങ്ങൾക്ക് കാരണമായെന്നായിരുന്നു അന്ന് ലക്ഷ്മിപ്രിയയുടെ ആരോപണം.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൂന്ന് മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചെന്നും അൻസിബ പിന്നീട് ആരോപിച്ചിരുന്നു. ഹൈക്കോടതിയുടെ അന്തിമ വിധിയോടെ കേസിൽ തുടർനടപടികൾ സംബന്ധിച്ച് വ്യക്തത ലഭിക്കും.



