തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയതിൽ വിശദീകരണവുമായി കായിക മന്ത്രി ഒ.ജെ. ജനീഷ്. കണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് മേള കോഴിക്കോട് നടത്താൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. കോഴിക്കോട്ട് കൂടുതൽ സൗകര്യങ്ങൾ നിലവിലുള്ളതിനാലാണ് വേദി മാറ്റിയതെന്നും കണ്ണൂർ ജില്ലയെ ബോധപൂർവം ഒഴിവാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.
ഒരു സർക്കാർ എടുത്ത തീരുമാനം മറ്റൊരു സർക്കാർ മാറ്റാൻ പാടില്ലെന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ സൗകര്യങ്ങളും മേള നടത്തിപ്പിനുള്ള പ്രായോഗിക സാധ്യതകളും പരിഗണിച്ചാണ് വേദി മാറ്റിയതെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, കായികമേളയുടെ വേദി മാറ്റിയ വിവരം അറിഞ്ഞില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ പ്രതികരണം. കണ്ണൂരിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതികൾ ലഭിക്കുന്ന പക്ഷം അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള കണ്ണൂരിൽ നടത്തുന്നത് പരിഗണിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
2025 ഒക്ടോബറിൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടുത്ത കായികമേള കണ്ണൂരിൽ നടത്തുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഇതിന് വിരുദ്ധമായി ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഒക്ടോബർ 24 മുതൽ 29 വരെയാണ് ഈ വർഷത്തെ കായികമേള നടക്കുക. ചാത്തമംഗലം എൻഐടി ഗ്രൗണ്ടാണ് പ്രധാന വേദി. വേദി കോഴിക്കോട് മാറ്റിയ വിവരം പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ.എസ്. ഷിബു ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അറിയിച്ചത്.




