തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടരാൻ സാധ്യത. ഹ്രസ്വകാല കരാറിലൂടെ അധിക വൈദ്യുതി വാങ്ങാൻ കെഎസ്ഇബി രണ്ടുതവണ ടെൻഡർ വിളിച്ചെങ്കിലും പീക്ക് സമയത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചില്ല.
കടുത്ത ചൂടിനൊപ്പം വൈദ്യുതി ആവശ്യകതയും ഉയരുകയാണ്. വരും ദിവസങ്ങളിൽ വൈദ്യുതി ഉപയോഗം 500 മുതൽ 600 മെഗാവാട്ട് വരെ വർധിക്കാനാണ് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിൽ പ്രതിദിന വൈദ്യുതി ഉപയോഗം 94 ദശലക്ഷം യൂണിറ്റ് വരെ എത്തിയിട്ടുണ്ട്.
അണക്കെട്ടുകളിലെ ജലനിരപ്പും ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 80 ശതമാനം വെള്ളമുണ്ടായിരുന്ന അണക്കെട്ടുകളിൽ ഇപ്പോൾ 64 ശതമാനം മാത്രമാണ് വെള്ളമുള്ളത്. പ്രതീക്ഷിച്ച തോതിൽ നീരൊഴുക്കും ലഭിക്കുന്നില്ല. ഇതോടെ ജലവൈദ്യുതി ഉൽപാദനത്തിലും കുറവുണ്ടാകാനിടയുണ്ട്.
അധിക വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി കഴിഞ്ഞ മേയിൽ ടെൻഡർ വിളിച്ചിരുന്നു. ഈ മാസം പീക്ക് സമയത്ത് 400 മെഗാവാട്ട് വൈദ്യുതി വാങ്ങാനായിരുന്നു ശ്രമം. എന്നാൽ യൂണിറ്റിന് 12.98 രൂപ വരെ നിരക്ക് വന്നതോടെ കരാർ നൽകാനായില്ല. കെഎസ്ഇബി നിശ്ചയിച്ച പരമാവധി നിരക്ക് യൂണിറ്റിന് 10 രൂപയായിരുന്നു.
ജൂലൈ ഏഴിന് വീണ്ടും ടെൻഡർ വിളിച്ചെങ്കിലും പീക്ക് സമയത്ത് വൈദ്യുതി നൽകാൻ കമ്പനികൾ തയ്യാറായില്ല. പകലും രാത്രിയുമായി 200 മെഗാവാട്ട് ആവശ്യപ്പെട്ടപ്പോൾ 25 മെഗാവാട്ടിനുള്ള ഓഫർ മാത്രമാണ് ലഭിച്ചത്. ഇതിന് യൂണിറ്റിന് 6.50 രൂപയായിരുന്നു നിരക്ക്. രാത്രി 12 മുതൽ രാവിലെ 5 വരെ 500 മെഗാവാട്ട് ആവശ്യപ്പെട്ടപ്പോൾ 100 മെഗാവാട്ടിനുള്ള ഓഫറാണ് ലഭിച്ചത്. യൂണിറ്റിന് 9.15 രൂപയായിരുന്നു നിരക്ക്. ഈ കരാറിനും റെഗുലേറ്ററി കമ്മീഷന്റെ അനുമതി ആവശ്യമാണ്.
നിലവിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പിന്നീട് തിരിച്ചുനൽകാമെന്ന വ്യവസ്ഥയിൽ വൈദ്യുതി കടമെടുത്താണ് കെഎസ്ഇബി പ്രതിസന്ധി നേരിടുന്നത്. വെള്ളിയാഴ്ച മാത്രം 2.21 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇത്തരത്തിൽ വാങ്ങി. വേനൽക്കാലത്ത് കടമെടുത്ത വൈദ്യുതി പ്രതിദിനം മൂന്ന് ദശലക്ഷം യൂണിറ്റിലധികം തിരിച്ചുനൽകുന്നുണ്ട്.
ജലവൈദ്യുതി ഉൽപാദനം കുറഞ്ഞതോടെ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയാണ് ഈ കടം തിരിച്ചുനൽകുന്നത്. വൈദ്യുതി ആവശ്യകത ഉയർന്ന സാഹചര്യത്തിൽ തത്സമയ വിപണിയിൽ വൈകിട്ട് 4.30 മുതൽ രാവിലെ 9.30 വരെ യൂണിറ്റിന് 10 രൂപ വരെയാണ് നിരക്ക്. ഇതും സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കുകയാണ്.




