തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസിലൂടെ പുറത്തുവരാനിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാമെന്ന് കരുതിയവർക്കുള്ള ശക്തമായ പാഠമായിരിക്കും കേസെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അഴിമതിപ്പണം കടത്താനും കള്ളപ്പണം വെളുപ്പിക്കാനുമുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉചിതമായ സമയത്ത് പുറത്തുവരുമെന്നും കുഴൽനാടൻ വ്യക്തമാക്കി. വിഷയത്തിൽ സമൂഹവും ജനങ്ങളും ആഗ്രഹിക്കുന്ന ഏറ്റവും മികച്ച തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയുടെ കാര്യത്തിൽ യുഡിഎഫ് സർക്കാർ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ഇത്തരം വിഷയങ്ങൾ നിരീക്ഷിക്കാനും പരിശോധിക്കാനും പാർട്ടിക്ക് കൃത്യമായ സംവിധാനങ്ങളുണ്ടെന്നും കുഴൽനാടൻ പറഞ്ഞു.
കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുമെന്ന ഭയമുണ്ടായിരുന്നെങ്കിൽ താൻ ഇതുവരെ രാഷ്ട്രീയത്തിൽ തുടരില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സജി ചെറിയാന്റെ വിമർശനങ്ങൾക്ക് മറുപടിയായി, സിപിഎം നേതാക്കൾക്ക് ഹവാല പണം കൈകാര്യം ചെയ്യുന്ന സാങ്കേതിക വിദ്യകൾ അറിയാമോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും കുഴൽനാടൻ പരിഹസിച്ചു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുഴൽനാടന്റെ പുതിയ പ്രതികരണം.




