തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിഎസ്സി ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്. ഈ മാസം 15 മുതൽ പിഎസ്സി അംഗങ്ങളുടെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അംഗങ്ങളുടെ മൊഴിയെടുത്ത ശേഷം ചെയർമാൻ എം.ആർ. ബൈജുവിനെയും ചോദ്യം ചെയ്യും.
അന്വേഷണ സംഘത്തിലെ എസ്.പി. സഖറിയയാണ് പിഎസ്സി അംഗങ്ങൾക്ക് ഹാജരാകാൻ നോട്ടീസ് നൽകിയത്. നിയമനവുമായി ബന്ധപ്പെട്ട കേസിൽ പിഎസ്സി അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നത് അസാധാരണ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
പരീക്ഷയുടെ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് പിഎസ്സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ്, അഡീഷണൽ സെക്രട്ടറി ആർ. ഹരി എന്നിവർക്കെതിരെയാണ് കണ്ടെത്തൽ. ഇരുവർക്കുമെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.
മൂല്യനിർണയത്തിലെ വീഴ്ച സാങ്കേതിക പിഴവാണോ അതോ ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഉദ്യോഗസ്ഥർ ആരെയെങ്കിലും സഹായിക്കുന്നതിനായി ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളികളായിരുന്നോ എന്നതും അന്വേഷിക്കും. കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല.
ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷയിലെ ഒൻപത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ വിട്ടത് ചില ഉദ്യോഗാർഥികളെ സഹായിക്കാനാണെന്ന് പരാതിയുയർന്നിരുന്നു. സാങ്കേതിക പിഴവിനെ തുടർന്നാണ് ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യാതെ പോയതെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. എന്നാൽ ഈ വിശദീകരണം പൂർണമായി അംഗീകരിക്കാൻ പിഎസ്സി തയ്യാറായിട്ടില്ല.




