കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയി. കർഷക റോഡിൽ ഗ്രീൻ ഗാർഡൻസിന് സമീപത്തെ ‘ലോർഡ്സ് കോട്ടേജ്’ നന്ദനം വീട്ടിലാണ് മോഷണം നടന്നത്.
മെയ് 24നും ജൂൺ അഞ്ചിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് വീട്ടുകാർ മോഷണവിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഹാൻഡ് ബാഗിൽ നിന്നാണ് സ്വർണവും പണവും നഷ്ടമായത്. മൂന്ന് പട്ടുസാരികളും സ്വകാര്യ ബാങ്കിന്റെ ലോക്കർ താക്കോലും മോഷണം പോയിട്ടുണ്ട്. നഷ്ടപ്പെട്ട സ്വർണത്തിന് ഏകദേശം 40 ലക്ഷം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. മോഷണം നടന്നതായി സംശയിക്കുന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.


