തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു. ഇന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ നൽകിയിരുന്ന മഴ മുന്നറിയിപ്പും നാളത്തേക്കുള്ള മുന്നറിയിപ്പുമാണ് പിൻവലിച്ചത്. അതേസമയം, ഇന്ന് മുതൽ 15 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
വടക്കുപടിഞ്ഞാറൻ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രാപ്രദേശ് തീരത്തും ന്യൂനമർദം തുടരുകയാണ്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ച് വടക്കൻ തീര ആന്ധ്രാപ്രദേശ്–തെക്കൻ ഒഡിഷ മേഖലകളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
മധ്യകിഴക്കൻ അറബിക്കടലിൽ കൊങ്കൺ തീരത്തിന് സമീപമായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 13 വരെ താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.


