തിരുവനന്തപുരം: മുൻ എം.എൽ.എ പി.കെ. ശശിക്കെതിരായ യുവതിയുടെ പീഡനപരാതിക്ക് പിന്നാലെ പാലക്കാട്ടെ സി.പി.എമ്മിൽ വീണ്ടും പരാതി. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുമായ ആർ. ജയദേവനെതിരേ ഭാര്യയാണ് സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്ക് പരാതി നൽകിയത്. പ്രാദേശിക പാർട്ടി നേതാവായ സ്ത്രീയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പരാതി. ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുള്ള പരാതി ലഭിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും ജയദേവനെതിരേ പാർട്ടി നടപടിയെടുത്തിട്ടില്ലെന്നാണ് വിവരം.
പാർട്ടി അംഗങ്ങളുടെയും നേതാക്കളുടെയും വ്യക്തിപരവും സംഘടനാപരവുമായ വീഴ്ചകൾ തിരുത്തുന്നതിന്റെ ഭാഗമായി സി.പി.എം വിപുലീകരിച്ച സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നതിനിടെയാണ് പരാതി വീണ്ടും ചർച്ചയാകുന്നത്. ജയദേവന്റെ ബന്ധത്തെക്കുറിച്ച് നേരത്തെയും ഭാര്യ പാർട്ടിയെ അറിയിച്ചിരുന്നുവെന്നാണ് വിവരം. ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് കുടുംബജീവിതം തുടരുകയായിരുന്നു.
എന്നാൽ, ഇടതുപക്ഷത്തിന് കനത്ത തിരഞ്ഞെടുപ്പ് പരാജയം നേരിട്ട ദിവസം ജയദേവൻ വീണ്ടും അതേ സ്ത്രീയുമായി ബന്ധം പുലർത്തിയതും പിന്നീട് ഫോണിൽ സംസാരിച്ചതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പാർട്ടിയെ സമീപിച്ചതെന്ന് ഭാര്യ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി അനുഭാവിയെന്ന നിലയിൽ രാഷ്ട്രീയ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പരാതി നൽകിയതെന്നും അവർ പറയുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നൽകിയ പരാതിയുടെ പകർപ്പ് പാലക്കാട് ജില്ലാ സെക്രട്ടറിക്കും നൽകിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം കെ. രാധാകൃഷ്ണൻ എം.പി. പരാതിയിൽ അന്വേഷണം നടത്തിയെന്നും പ്രാഥമിക മൊഴിയെടുത്തെന്നുമാണ് വിവരം. എന്നാൽ ഇതുവരെ ജയദേവനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ല.
ജയദേവനുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി പരാതികൾ പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നെങ്കിലും ജില്ലാ നേതൃത്വം അവ ഗൗരവമായി പരിഗണിച്ചില്ലെന്നാണ് ആരോപണം. പകരം ഡി.വൈ.എഫ്.ഐ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി തുടരാൻ സംരക്ഷണം നൽകിയെന്നും പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്. ജില്ലാ നേതൃത്വത്തിൽനിന്ന് നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് സി.പി.എം അനുഭാവിയായ ഭാര്യ സംസ്ഥാന നേതൃത്വത്തെ സമീപിച്ചതെന്നും അറിയുന്നു.


