തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയില്‍ 800 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിനായി ഗ്രിഡ്‌കോ ഒഡീഷ വഴി 75 മെഗാവാട്ടും എസിബിഐഎല്‍ വഴി 15 മെഗാവാട്ടും വൈദ്യുതി ലഭ്യമാക്കിയതായി കെഎസ്ഇബി അറിയിച്ചു.
ഇതോടെ നേരത്തെ നിശ്ചയിച്ച സമയത്തേക്കാള്‍ മുമ്പ് വൈദ്യുതി നിയന്ത്രണം പിന്‍വലിക്കാനാകുമെന്നായിരുന്നു കെഎസ്ഇബിയുടെ പ്രതീക്ഷ. എന്നാല്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ഇന്നും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. വൈകിട്ട് 6.15 മുതല്‍ അര്‍ധരാത്രി 12.45 വരെ വിവിധ മേഖലകളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്.
അതിനിടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലും രംഗത്തെത്തി. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാന്‍ ധാരണയായതായി അദ്ദേഹം അറിയിച്ചു.
തമിഴ്‌നാടിന് നല്‍കേണ്ട വൈദ്യുതി വിഹിതത്തില്‍ കുറവ് വരുത്തിയാണ് കേരളത്തിന് വൈദ്യുതി ലഭ്യമാക്കുക. ഹിമാചല്‍ പ്രദേശ് ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിയുമായി ഉടന്‍ ചര്‍ച്ച നടത്തും. ഇരു സംസ്ഥാനങ്ങളിലെയും ഊര്‍ജ സെക്രട്ടറിമാരും തുടര്‍ ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി എന്‍ടിപിസി വഴി ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചു. യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള നീക്കമാണ് സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് ഉപേക്ഷിച്ചത്.
മഴ കുറഞ്ഞതും താപനില ഉയര്‍ന്നതും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയരാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ സെപ്റ്റംബറില്‍ 1000 മെഗാവാട്ടിലധികം അധിക ആവശ്യകത രേഖപ്പെടുത്തിയതോടെയാണ് വൈദ്യുതി പ്രതിസന്ധി കൂടുതല്‍ രൂക്ഷമായത്.
ഇന്നലെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും, വായ്പയിലൂടെ ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാതെ വന്നതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടായതെന്ന് കെഎസ്ഇബി വ്യക്തമാക്കി.



