Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നിലമ്പൂർ മലവെള്ളപ്പാച്ചിൽ: മരണം അഞ്ചായി; ഒരാളെ കൂടി കാണാതായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. രണ്ടുപേരുടെ മൃതദേഹങ്ങൾ കഴിഞ്ഞ രാത്രിയോടെ തന്നെ കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയെ കൂടി കാണാതായിട്ടുണ്ട്. കൂടുതൽ പേർ ഒഴുക്കിൽപ്പെട്ടിട്ടുണ്ടോയെന്നും പരിശോധന തുടരുകയാണ്.

തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശികളായ റഫീഖ്, സജ്ജാദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മങ്ങാടൻ ബസ് ഉടമ കോട്ടക്കൽ മങ്ങാടൻ ഹമീദിന്റെ മകൻ അനസ് (31), തിരൂർ സ്വദേശി മുഹമ്മദ് കുട്ടി (63) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ടി.കെ. നഗർ വെളുത്തേടത്ത് സഞ്ജയ്ദാസിന്റെ ഭാര്യ സജിതയെയാണ് കാണാതായത്.

ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അപകടസമയത്ത് പുഴയിലോ പരിസരപ്രദേശങ്ങളിലോ മഴയുണ്ടായിരുന്നില്ല. നിരവധി വിനോദസഞ്ചാരികൾ പുഴയിലുണ്ടായിരുന്ന സമയത്താണ് അപ്രതീക്ഷിതമായി മലവെള്ളം കുത്തിയൊലിച്ചെത്തിയത്. വെള്ളം ക്രമാതീതമായി ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ അടിയന്തര ഇടപെടലിൽ നിരവധി പേരെ രക്ഷിക്കാനായി.

വെള്ളം പെട്ടെന്ന് ഇരച്ചെത്തിയതോടെ പലരും ഓടിരക്ഷപ്പെട്ടു. ഒഴുക്കിൽപ്പെട്ട ചിലർ മരക്കൊമ്പുകളിലും പാറകളിലും കയറി രക്ഷതേടി. നാട്ടുകാർ കയറുപയോഗിച്ച് ഇവരെ കരയിലെത്തിച്ചു. തുടർന്ന് പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ട്രോമാകെയർ പ്രവർത്തകരും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഇരുട്ടായതോടെ രക്ഷാപ്രവർത്തനവും തിരച്ചിലും ദുഷ്‌കരമായി.

പുഴയുടെ തീരത്തോ സമീപപ്രദേശങ്ങളിലോ മഴയില്ലെങ്കിലും മുകൾഭാഗത്ത് പെയ്യുന്ന മഴവെള്ളം നിമിഷങ്ങൾക്കകം പുഴയിലേക്ക് ഒഴുകിയെത്തുന്ന സാഹചര്യമാണുള്ളത്. ഞായറാഴ്ചയും ഇതുതന്നെയാണ് സംഭവിച്ചതെന്നാണ് വിലയിരുത്തൽ. പുഴയിൽ വെള്ളം ഉയരുന്നതിന്റെ സൂചന ലഭിക്കുന്നതിന് മുൻപുതന്നെ ഒഴുക്ക് ശക്തമായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ പ്രദേശവാസികൾ കുറവാണെന്നും കൂടുതലും പുറത്തുനിന്നെത്തിയ വിനോദസഞ്ചാരികളാണെന്നും നാട്ടുകാർ പറയുന്നു.

രക്ഷകരായി നാട്ടുകാർ

കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിൽ ശ്രദ്ധയിൽപ്പെട്ട് മുന്നറിയിപ്പ് നൽകിയത് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമാണ്. ഇതിനിടെ ഒഴുക്കിൽപ്പെട്ട ചേക്കാട് സ്വദേശികളായ ആറംഗ സംഘത്തിലെ നാല് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. രണ്ടുപേർ നീന്തിയും കരയിലെത്തി.

പുറ്റമണ്ണ ഞാറകണ്ടൻ നൗഷാദ് (37), കരുവാരക്കുണ്ട് പുന്നക്കാട് തച്ചുപറമ്പൻ ഷബീർ ബാബു (40), വണ്ടൂർ എലിയക്കോടൻ മുഹമ്മദ് സദുറുൽ (21), കോട്ടക്കുന്ന് കുപ്പനത്ത് ഫർഹാൻ (23), വണ്ടൂർ ചെട്ടിയറമ്മൽ ചാലാർ മിർദ്ദ (39), പുളിയങ്ങോട് നെല്ലിശേരി ഫിറോസ് (43) എന്നിവരാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.

മരിച്ച ഒരാളുടെ മൃതദേഹം പൊട്ടിക്കല്ല് മുട്ടിക്കുണ്ട് ഭാഗത്തുനിന്നും മറ്റൊരാളുടേത് ആന്റണിക്കാട് അയനിക്കുണ്ട് ഭാഗത്തുനിന്നുമാണ് കണ്ടെത്തിയത്. പാറക്കെട്ടുകളിൽ ഇടിച്ച് ശരീരത്തിൽ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവർ തിരൂർ സ്വദേശികളാണെന്നാണ് സംശയം.

നിലമ്പൂർ ഡിവൈ.എസ്.പി. റഫീഖിന്റെ നേതൃത്വത്തിൽ കാളികാവ്, പൂക്കോട്ടുംപാടം പൊലീസ് സബ് ഇൻസ്പെക്ടർമാരായ വി. മനോജ് കുമാർ, അബ്ദുൽ കരീം എന്നിവരടങ്ങിയ പൊലീസ് സംഘവും ചക്കിക്കുഴി വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ചർ ദിവാകരനുണ്ണിയും സംഘവും നിലമ്പൂർ അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix