തിരുവനന്തപുരം: ഏറെക്കാലത്തെ ഭിന്നതകൾക്കും അകൽച്ചയ്ക്കും ശേഷം മുഖ്യമന്ത്രി വി. ഡി. സതീശനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും ഒരേ വേദിയിൽ. തിരുവനന്തപുരത്ത് നടന്ന ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിലാണ് ഇരുവരും വേദി പങ്കിട്ടത്. ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെ ആർ. ചന്ദ്രശേഖരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.
കേരളത്തിനായി രാപ്പകൽ അധ്വാനിക്കുന്ന മുഖ്യമന്ത്രിയാണ് വി. ഡി. സതീശനെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ബിഗ് സല്യൂട്ട് നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ആരെയും മണിയടിക്കുന്ന ആളല്ലെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് വി. ഡി. സതീശൻ.
കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് നടന്ന ഐഎൻടിയുസി സംസ്ഥാനതല പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നത് വലിയ വിവാദമായിരുന്നു. കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി കാത്തിരുന്ന ഘട്ടത്തിലായിരുന്നു ഇത്. മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതോടെ ഉദ്ഘാടനവും അധ്യക്ഷപ്രസംഗവുമില്ലാതെയാണ് അന്നത്തെ പരിപാടി നടന്നത്.
പിന്നീട് സർക്കാർ വിചാരണയ്ക്ക് അനുമതി നൽകിയെങ്കിലും ഹൈക്കോടതി നടപടി സ്റ്റേ ചെയ്തു. നിയമസഭാ സമ്മേളനത്തിന്റെ തിരക്കുമൂലമാണ് അന്നത്തെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നും ആ സാഹചര്യം പരിഹരിക്കാനാണ് വീണ്ടും നേതൃയോഗം വിളിക്കാൻ ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
നിക്ഷേപം, തൊഴിൽ, പൊതുമേഖല: നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
ഐഎൻടിയുസി നേതൃയോഗത്തിൽ സർക്കാരിന്റെ വിവിധ നയപരമായ നിലപാടുകളും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശ വൻകിട കമ്പനികളുമായി നിക്ഷേപ ചർച്ചകൾ തുടരുകയാണെന്നും അടുത്ത ആറുമാസത്തിനകം ഇതിന്റെ പ്രതിഫലനം അനുഭവപ്പെടുമെന്നും സതീശൻ പറഞ്ഞു.
ഏകജാലക സംവിധാനം പലപ്പോഴും ഫലപ്രദമാകുന്നില്ലെന്നും ഒരു പഞ്ചായത്ത് സെക്രട്ടറിക്ക് പോലും കോടികളുടെ നിക്ഷേപം തടയാൻ കഴിയുന്ന സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ പശ്ചാത്തലത്തിലാണ് 19 നിയമങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വന്തം കാലിൽ നിൽക്കുന്നവയാകണമെന്നും സർക്കാരിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന സ്ഥാപനങ്ങളായി അവയെ നിലനിർത്തില്ലെന്നും സതീശൻ പറഞ്ഞു. മറ്റൊരു നിയമം നിലവിലില്ലാത്തതിനാൽ കേന്ദ്ര ലേബർ കോഡ് നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്നും എന്നാൽ തൊഴിലാളികളെ ബാധിക്കാത്ത തരത്തിലും തൊഴിലാളിവിരുദ്ധ നയങ്ങൾ ഒഴിവാക്കിയുമായിരിക്കും ഇത് നടപ്പാക്കുകയെന്നും അദ്ദേഹം ഉറപ്പുനൽകി.
സ്വകാര്യവൽക്കരണം സർക്കാരിന്റെ നയമല്ലെന്നും കഴിഞ്ഞ ഓണക്കാലത്ത് റെക്കോർഡ് വ്യാപാരം നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിച്ച് വരുമാനം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














