തിരുവനന്തപുരം: ചിറയിൻകീഴിൽ വീടിന് നേരെ വീണ്ടും സ്ഫോടക വസ്തു ആക്രമണം. പുതുക്കരി വയലിൽ വിജയന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 12.45ഓടെയായിരുന്നു സംഭവം.
ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയ രണ്ടുപേർ വീടിന് നേരെ നാല് തവണ സ്ഫോടക വസ്തുക്കൾ എറിഞ്ഞതായി പോലീസ് പറഞ്ഞു. ഇതിൽ മൂന്നെണ്ണം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഒരെണ്ണം പൊട്ടാത്ത നിലയിൽ കണ്ടെത്തി. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഒമ്പത് മാസം മുമ്പും ഇതേ വീടിന് നേരെ ആക്രമണം നടന്നിരുന്നു. അന്ന് വീടിന് തീയിട്ടിരുന്നു. ഒരാഴ്ച മുമ്പ് സിപിഎം ശാർക്കര ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവുമായ ബീജ സുരേഷിന്റെ വീടിന് നേരെയും അജ്ഞാത സംഘം സ്ഫോടക വസ്തു എറിഞ്ഞിരുന്നു. ബീജ സുരേഷിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ മഴക്കോട്ട് ധരിച്ച് ബൈക്കിലെത്തിയ മൂന്ന് പേരെയാണ് കണ്ടെത്തിയത്. സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.
പുതിയ ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാകാമെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. ആദ്യ സംഭവത്തിലെ പ്രതികളെ പിടികൂടാത്തതാണ് വീണ്ടും ആക്രമണം ഉണ്ടാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.


