തൃശൂർ: പാലപ്പള്ളി ഹാരിസൺ മലയാളം എസ്റ്റേറ്റിൽ തോട്ടം തൊഴിലാളി ജീവനൊടുക്കി. തൊഴിലാളിയായ മഞ്ജുഷ (47) ആണ് എസ്റ്റേറ്റിൽ ജീവനൊടുക്കിയത്. തൊഴിൽപീഡനമാണ് ജീവനൊടുക്കാൻ കാരണമെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായി ബന്ധുക്കൾ പറയുന്നു.
എസ്റ്റേറ്റിലെ മാനേജർമാരായ ആൽബിൻ, ബെന്നി, വർഗീസ് എന്നിവർ മാനസികമായി പീഡിപ്പിച്ചതായാണ് ആത്മഹത്യാക്കുറിപ്പിലെ ആരോപണം. ജോലിക്കിടെ മേലുദ്യോഗസ്ഥരുടെ അനുമതി വാങ്ങി 15 മിനിറ്റ് വീട്ടിലേക്ക് പോയതിനെ തുടർന്നാണ് മാനസിക പീഡനം ആരംഭിച്ചതെന്നും മഞ്ജുഷ കുറിപ്പിൽ ആരോപിക്കുന്നതായി ബന്ധുക്കൾ പറയുന്നു.
മാനേജർമാർ അസഭ്യം പറഞ്ഞതിനെക്കുറിച്ച് പരാതി ഉന്നയിച്ചപ്പോൾ ജോലി നഷ്ടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും കുറിപ്പിൽ പറയുന്നതായി ബന്ധുക്കൾ വ്യക്തമാക്കി.
സെപ്റ്റംബർ ഒന്നുമുതൽ ഫാക്ടറിയിലെ ജോലിയിൽനിന്ന് മാറ്റി ഫീൽഡിൽ ജോലി ചെയ്യാൻ നിർദേശം ലഭിച്ചിരുന്നതായും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. വനപ്രദേശത്തുള്ള ഫീൽഡിൽ ജോലി ചെയ്യാൻ ആരോഗ്യപ്രശ്നങ്ങളുള്ള തനിക്ക് കഴിയില്ലായിരുന്നുവെന്നും മഞ്ജുഷ വ്യക്തമാക്കിയതായി ബന്ധുക്കൾ പറയുന്നു.
ഇക്കാര്യം യൂണിയൻ മുഖേന ഉന്നയിക്കരുതെന്ന് മേലുദ്യോഗസ്ഥരിൽനിന്ന് നിർദേശം ലഭിച്ചെന്നും കുറിപ്പിൽ ആരോപണമുണ്ട്. തുടർച്ചയായ മാനസിക സമ്മർദമാണ് നേരിട്ടതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റൊരു മാർഗം മുന്നിലില്ലായിരുന്നുവെന്നും മഞ്ജുഷ കുറിപ്പിൽ വ്യക്തമാക്കിയതായി ബന്ധുക്കൾ പറയുന്നു.
വാച്ചറായി ജോലി ചെയ്തിരുന്ന തന്നെക്കൊണ്ട് പാചകം ഉൾപ്പെടെയുള്ള ജോലികൾ ചെയ്യിച്ചിരുന്നതായും മഞ്ജുഷ ആരോപിക്കുന്നുണ്ട്. അസഭ്യം പറഞ്ഞതിനെതിരെ പരാതി നൽകിയപ്പോൾ ആൽബിൻ ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ആത്മഹത്യാക്കുറിപ്പിൽ പറയുന്നതായി ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധവുമായി മഞ്ജുഷയുടെ കുടുംബവും തോട്ടം തൊഴിലാളികളും രംഗത്തെത്തി. ആരോപണങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ ജോലിക്ക് ഹാജരാകില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ.
മഞ്ജുഷയുടെ ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങളിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെയും തൊഴിലാളികളുടെയും ആവശ്യം. സംഭവത്തിൽ എസ്റ്റേറ്റ് മാനേജ്മെന്റിന്റെയും ബന്ധപ്പെട്ട അധികൃതരുടെയും വിശദീകരണം പുറത്തുവരാനുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




