തിരുവനന്തപുരം: നടി മഞ്ജു വാരിയർക്കെതിരെ സംവിധായകൻ സനൽ കുമാർ ശശിധരൻ നടത്തുന്ന വിവാദ പരാമർശങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരത്തിലും രൂക്ഷവിമർശനവുമായി നടി ഉഷ ഹസീന. സനൽ കുമാറിന്റെ പ്രവർത്തികൾക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയും സാമ്പത്തിക താൽപ്പര്യങ്ങളുമുണ്ടെന്ന് ഉഷ ആരോപിക്കുന്നു. അന്തസ്സോടെ ജീവിക്കുന്ന ഒരു സ്ത്രീയെ നിരന്തരം അപമാനിക്കാനും വേട്ടയാടാനും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അവർ, സ്വന്തം സംഘടനയിലെ ലൈഫ് അംഗമായിരുന്നിട്ടും ഈ വിഷയത്തിൽ താരസംഘടനയായ ‘അമ്മ’ കാണിക്കുന്ന തികഞ്ഞ നിഷ്ക്രിയത്വത്തെയും മൗനത്തെയും ശക്തമായ ഭാഷയിൽ ചോദ്യം ചെയ്തു.
വെറുതെ ഇങ്ങനെ ഒരാൾ ഇറങ്ങി പുറപ്പെടില്ല. അന്തസായി ജീവിക്കുന്ന ഒരു സ്ത്രീയെ നിരന്തരം അവഹേളിക്കുക, മര്യാദയ്ക്ക് ജീവിക്കാൻ സമ്മതിക്കാതിരിക്കുക എന്നുള്ളത് തന്നെയാണ് ഇയാളുടെ ലക്ഷ്യം. അവർക്ക് ഇയാളോട് പ്രണയം ആണെന്ന് വരുത്തി തീർക്കാൻ നോക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കൂ, ഇയാളെ ചതിച്ചുവെന്ന് പറഞ്ഞ് ഒരു തമിഴത്തിയുമായിട്ടുള്ള വോയിസ് ക്ലിപ്പ് പുറത്തുവിട്ടാൽ ജനങ്ങളൊക്കെ മണ്ടന്മാരാണോ? മലയാളികളെയൊക്കെ പറ്റിക്കാമെന്നാണ് വിചാരിച്ചിരിക്കുന്നത്? ആ വോയിസ് കേട്ടാൽ അറിയാം കാര്യങ്ങൾ. ഇതിൽ മഞ്ജു മിണ്ടാതിരിക്കുന്നത് അവർക്ക് ഇയാളെ ഭയമുള്ളതുകൊണ്ടാണ്.
നല്ല സംവിധായകരോട്, നല്ല റൈറ്റേഴ്സിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നാറുണ്ട്. അതൊക്കെ പ്രണയം ആണെന്ന് പറയാൻ പറ്റുമോ? കഴിവുള്ള സംവിധായകൻ നല്ല കഥാപാത്രങ്ങൾ തരുന്നത് കാണുമ്പോൾ ഒരു അടുപ്പം തോന്നും. അതുകൊണ്ടാണല്ലോ അവര്‍ കാശ് മുടക്കിയത്. എത്രയോ വലിയ സംവിധായകർ ഇവിടെയുണ്ട്, ആളുടെ കഴിവ് കണ്ട് ആ പടം എടുക്കാൻ പണം നൽകി സഹായിച്ചു. അങ്ങനെയൊരു തെറ്റ് മാത്രേ ചെയ്തിട്ടുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത് എന്നും അവർ പറഞ്ഞു.












