ചിക്കൻ പ്രേമികൾക്ക് ഒരു അടിപൊളി വിഭവമാണ് ഇത്. ക്രീമി ടെക്സ്ചറും മൃദുത്വവും കശുവണ്ടിയുടെ സമൃദ്ധമായ രുചിയും ചിക്കന്റെ ജ്യൂസി ടേസ്റ്റും ഒത്തുചേരുന്ന ഒരു വ്യത്യസ്ത ചിക്കൻ വിഭവമാണ് ഈ അഫ്ഗാനി ക്രീമി ചിക്കൻ കറി. ഇനി ഒത്ത എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ:
ചിക്കൻ – 1 കിലോ
കട്ടത്തൈര് – ½ കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1½ ടേബിൾസ്പൂൺ
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
കസൂരി മേത്തി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
സവാള – 2 എണ്ണം
കശുവണ്ടി – 15–20 എണ്ണം
പച്ചമുളക് – 3–4 എണ്ണം
ഇഞ്ചി – ചെറിയ കഷണം
വെളുത്തുള്ളി – 4–5 അല്ലി
മല്ലിയില – ഒരു പിടി
പുതിനയില – കുറച്ച്
ഫ്രഷ് ക്രീം – ½ കപ്പ്
ബട്ടർ – 2 ടേബിൾസ്പൂൺ
എണ്ണ – 1 ടേബിൾസ്പൂൺ
ഏലക്ക – 2 എണ്ണം
കറുവപ്പട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ – 2 എണ്ണം
കുരുമുളക് – 4–5 എണ്ണം
വെള്ളം – ആവശ്യത്തിന്
കസൂരി മേത്തി – ½ ടീസ്പൂൺ
ഫ്രഷ് ക്രീം – 1–2 ടേബിൾസ്പൂൺ
മല്ലിയില – കുറച്ച്
തയാറാക്കുന്ന വിധം:
ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യാം. അതിനായി ചിക്കൻ നന്നായി കഴുകി വെള്ളം ഊറ്റിയെടുക്കുക. ചിക്കനിൽ ചെറിയ വരകൾ വരുത്തുന്നത് മാരിനേഷൻ നന്നായി ഉള്ളിലേക്ക് ഇറങ്ങാൻ സഹായിക്കും. ഒരു പാത്രത്തിൽ തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, കുരുമുളകുപൊടി, ഗരം മസാല, കസൂരി മേത്തി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ചിക്കൻ ചേർത്ത് ഓരോ കഷണത്തിലും മസാല നന്നായി പുരട്ടുക. പാത്രം മൂടി കുറഞ്ഞത് 1–2 മണിക്കൂർ ഫ്രിജിൽ വയ്ക്കുക. സമയം ലഭിക്കുമെങ്കിൽ 4 മണിക്കൂർ വരെ മാരിനേറ്റ് ചെയ്യാം. ഇങ്ങനെ ചെയ്താൽ ചിക്കൻ കൂടുതൽ മൃദുവും രുചികരവുമാകും.
ചിക്കൻ മാരിനേറ്റ് ചെയ്യുന്ന സമയം കൊണ്ട് കശുവണ്ടി ചൂടുവെള്ളത്തിൽ ഏകദേശം 15–20 മിനിറ്റ് കുതിർത്ത് വയ്ക്കുക. വെള്ളം കളഞ്ഞ ശേഷം കശുവണ്ടി, സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, പുതിനയില എന്നിവ ചേർത്ത് അരച്ചെടുക്കുക. ആവശ്യത്തിന് മാത്രം വെള്ളം ചേർത്ത് നന്നായി മിനുസമുള്ള പേസ്റ്റ് ആക്കുന്നതാണ് നല്ലത്. കശുവണ്ടി നന്നായി അരഞ്ഞാൽ കറിയുടെ ഗ്രേവിക്ക് നല്ല ക്രീമിയായ ഘടന ലഭിക്കും.
ശേഷം ഒരു കട്ടിയുള്ള പാൻ ചൂടാക്കി ഒരു ടേബിൾസ്പൂൺ എണ്ണയും ഒരു ടേബിൾസ്പൂൺ ബട്ടറും ചേർക്കുക. മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ പാനിൽ നിരത്തി വയ്ക്കുക. ഇടത്തരം തീയിൽ ചിക്കന്റെ ഇരുവശവും നേരിയ ഗോൾഡൻ നിറമാകുന്നതുവരെ വറുത്തെടുക്കുക. ഇപ്പോൾ ചിക്കൻ പൂർണമായി വേവിക്കേണ്ടതില്ല. പിന്നീട് ഗ്രേവിയിൽ കൂടി വേവുന്നതിനാൽ പുറംഭാഗം മാത്രം നന്നായി സീൽ ചെയ്താൽ മതി. വറുത്തെടുത്ത ചിക്കൻ മാറ്റിവയ്ക്കുക.
അതേ പാനിൽ ആവശ്യത്തിന് ബട്ടർ ചേർക്കുക. ഏലക്ക, കറുവപ്പട്ട, ഗ്രാമ്പൂ, കുരുമുളക് എന്നിവ ചേർത്ത് ചെറുതായി വഴറ്റുക. ഇനി അരച്ചുവച്ച കശുവണ്ടി-സവാള പേസ്റ്റ് ചേർക്കുക. കുറഞ്ഞ തീയിൽ തുടർച്ചയായി ഇളക്കി വഴറ്റണം. പേസ്റ്റിന്റെ പച്ചമണം മാറി നിറം അൽപം മാറിത്തുടങ്ങുമ്പോൾ ആവശ്യത്തിന് വെള്ളം ചേർക്കാം. ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കുക. ഗ്രേവി തിളച്ചുതുടങ്ങുമ്പോൾ നേരത്തെ വറുത്തുവച്ച ചിക്കൻ കഷണങ്ങൾ ചേർക്കുക. പാൻ മൂടി കുറഞ്ഞ തീയിൽ ഏകദേശം 10–15 മിനിറ്റ് വേവിക്കുക. ഇടയ്ക്കിടെ പാൻ തുറന്ന് ഗ്രേവി ഇളക്കിക്കൊടുക്കാം. ചിക്കൻ നന്നായി വെന്ത് ഗ്രേവി അൽപം കട്ടിയാകുമ്പോൾ തീ കുറയ്ക്കുക.
ഇപ്പോഴാണ് പ്രധാന ചേരുവയായ ഫ്രഷ് ക്രീം ചേർക്കേണ്ടത്. ക്രീം ചേർത്ത ശേഷം നന്നായി ഇളക്കി 2–3 മിനിറ്റ് മാത്രം ചൂടാക്കുക. ക്രീം ചേർത്ത ശേഷം കറി ശക്തമായി തിളപ്പിക്കാതിരിക്കുക. ക്രീമിന്റെ മൃദുത്വവും ഗ്രേവിയുടെ സിൽക്കി ടെക്സ്ചറും നിലനിർത്താൻ ഇത് സഹായിക്കും. അവസാനം കൈകൊണ്ട് ചെറുതായി പൊടിച്ച കസൂരി മേത്തി, കുറച്ച് ഫ്രഷ് ക്രീം, മല്ലിയില എന്നിവ ചേർക്കാം.












