ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോർട്ട്. എസ്ഐആർ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബിർ സിങ് സന്ധുവും വിവേക് ജോഷിയും വിയോജനക്കുറിപ്പുകൾ രേഖപ്പെടുത്തിയതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 10 മാസത്തിനിടെ ഇരുവരും ചേർന്ന് 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
തങ്ങളുടെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് കമ്മീഷന്റെ ചില തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും, തങ്ങൾ നൽകിയ നിർദേശങ്ങൾ പലതും പരിഗണിക്കപ്പെടുന്നില്ലെന്നും ഇരുവരും രേഖാമൂലം വ്യക്തമാക്കിയതായാണ് വിവരം. നിർദേശങ്ങൾ അവഗണിച്ച് സ്വീകരിച്ച ചില തീരുമാനങ്ങൾ നിയമവിരുദ്ധമാണെന്നും സന്ധു ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടിൽ പറയുന്നു.
പുതിയ വോട്ടർമാരുടെ രജിസ്ട്രേഷൻ, വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യലും പുനഃസ്ഥാപിക്കലും, എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട അപ്പീലുകൾ, വോട്ടർപട്ടികയുടെ സുരക്ഷയും സംരക്ഷണവും തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും വിയോജനങ്ങൾ ഉയർന്നത്. ഇവ സംബന്ധിച്ച രേഖകളുടെ പകർപ്പുകൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും ബന്ധപ്പെട്ട ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും കൈമാറിയതായും റിപ്പോർട്ടുണ്ട്.
പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനായി ഉപയോഗിക്കുന്ന ഫോം-6ൽ വരുത്തിയ മാറ്റത്തിലും രണ്ട് കമ്മീഷണർമാരും എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ജൂലൈയിൽ വരുത്തിയ മാറ്റപ്രകാരം, അപേക്ഷകനോ അവരുടെ മാതാപിതാക്കളോ മുത്തശ്ശൻ-മുത്തശ്ശിയോ മുൻ എസ്ഐആർ സമയത്ത് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നോ എന്നത് വ്യക്തമാക്കുന്ന പുതിയ ചോദ്യം ഉൾപ്പെടുത്തി.
സർക്കാർ ചട്ടത്തിൽ ഭേദഗതി വരുത്താതെ ഫോം-6ൽ ഇത്തരമൊരു മാറ്റം വരുത്താനാകില്ലെന്ന് മെയ് മാസത്തിൽ വിവേക് ജോഷി ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുണ്ട്. ഓഗസ്റ്റ് 13ന് സുഖ്ബിർ സിങ് സന്ധുവും ഈ മാറ്റത്തെ ‘അനധികൃതവും നിയമവിരുദ്ധവും’ എന്ന് വിശേഷിപ്പിച്ച് ചോദ്യം നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് പോലും ചോദ്യം ഫോമിൽ തുടർന്നതായാണ് റിപ്പോർട്ട്.
വോട്ടർപട്ടിക കൈകാര്യം ചെയ്യുന്ന ERONet സംവിധാനത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ (ERO) പ്രവേശനം നിയന്ത്രിക്കപ്പെടുന്നതായും കമ്മീഷണർമാർ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
മെയ് മാസത്തിൽ വിവേക് ജോഷി വോട്ടർ ഡാറ്റാബേസ് ക്രമേണ കേന്ദ്രീകരിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടുകയും, നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥർക്ക് മാത്രമേ വോട്ടർപട്ടികയിൽ മാറ്റം വരുത്താൻ കഴിയൂ എന്ന് ഉറപ്പാക്കുന്നതിനായി ഓഡിറ്റ് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സംസ്ഥാനതല ഉദ്യോഗസ്ഥർക്ക് ERONetൽ പൂർണ പ്രവേശനം ലഭിക്കുന്നില്ലെന്ന് ഓഗസ്റ്റിൽ സന്ധുവും രേഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.
പശ്ചിമ ബംഗാളിലെ എസ്ഐആർ നടപടിക്കിടെ ജുഡീഷ്യൽ ഉദ്യോഗസ്ഥർ ഉൾപ്പെടുത്തിയ വോട്ടർമാർക്കെതിരെ കമ്മീഷൻ അപ്പീൽ നൽകിയതുമായി ബന്ധപ്പെട്ടും സന്ധു ചോദ്യങ്ങൾ ഉന്നയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അപ്പീലുകൾക്ക് അനുമതി നൽകിയത് ആരാണെന്നും അവ സമർപ്പിച്ചത് ആരാണെന്നും വ്യക്തമാക്കണമെന്നായിരുന്നു ആവശ്യം.
ഗോവയിലും സോഫ്റ്റ്വെയർ സംവിധാനത്തിലെ പരിമിതികൾ പ്രശ്നമായതായി റിപ്പോർട്ടുണ്ട്. രേഖകൾ പരിശോധിച്ച ശേഷം 97 പേരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ EROമാർ തീരുമാനിച്ചെങ്കിലും തീരുമാനം സോഫ്റ്റ്വെയറിൽ രേഖപ്പെടുത്താനുള്ള സംവിധാനം സമയത്ത് ലഭ്യമാകാത്തതിനാൽ ഇവർ അന്തിമ പട്ടികയിൽ ഉൾപ്പെട്ടില്ലെന്നാണ് വിവരം.
കമ്മീഷന്റെ പ്രധാന തീരുമാനങ്ങൾ ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് ഒറ്റയ്ക്ക് എടുക്കാനാകില്ലെന്നും മൂന്ന് അംഗങ്ങളും തുല്യ പദവിയിലുള്ള ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും സന്ധുവും ജോഷിയും ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടിൽ പറയുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 324നും 2023ലെ ചീഫ് ഇലക്ഷൻ കമ്മീഷണറും മറ്റ് ഇലക്ഷൻ കമ്മീഷണർമാരും സംബന്ധിച്ച നിയമത്തിനും അനുസരിച്ച് സാധ്യമായിടത്തോളം കമ്മീഷന്റെ തീരുമാനങ്ങൾ ഏകകണ്ഠമായിരിക്കണമെന്നാണ് ഇവരുടെ നിലപാട്. അഭിപ്രായവ്യത്യാസമുണ്ടായാൽ ഭൂരിപക്ഷ തീരുമാനമാണ് അംഗീകരിക്കേണ്ടത്. കമ്മീഷന്റെ നടപടിക്രമങ്ങളും ജോലിവിഭജനവും ഏകകണ്ഠമായ തീരുമാനത്തിലൂടെയായിരിക്കണമെന്നും അവർ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുണ്ട്.
ഇതിനിടെ, പതിവിൽ നിന്ന് വ്യത്യസ്തമായി സുഖ്ബിർ സിങ് സന്ധുവും വിവേക് ജോഷിയും ക്യാബിനറ്റ് സെക്രട്ടറിക്ക് പ്രത്യേകം കത്തുകൾ അയച്ചതായും റിപ്പോർട്ടുണ്ട്. വോട്ടർപട്ടികയുടെ ഐ.ടി. സംവിധാനത്തിന് മേലുള്ള ഒരു മേൽനോട്ട ഘട്ടം ഒഴിവാക്കുന്ന തരത്തിൽ ചുമതലകളിൽ മാറ്റം വരുത്തിയതായിരുന്നു പരാതിയുടെ പ്രധാന വിഷയം.
തുടർന്ന് സെപ്റ്റംബർ 9ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും തമ്മിൽ കൂടിക്കാഴ്ച നടത്തി. നാല് മാസത്തിനിടെ മൂവരും ചേർന്ന് നടത്തിയ ആദ്യത്തെ പൂർണ യോഗമായിരുന്നു ഇതെന്നും റിപ്പോർട്ടിൽ പറയുന്നു.




