ഇടുക്കി: ആനത്താരകളിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലികളും നിർമ്മിച്ച കെട്ടിടങ്ങളും പൊളിച്ചുനീക്കാൻ ഇടുക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. വന്യമൃഗങ്ങൾ സഞ്ചരിച്ചിരുന്ന പരമ്പരാഗത പാതകൾ അടഞ്ഞതാണ് ആനകളുടെ ആക്രമണം വർധിക്കാൻ കാരണമെന്ന വനംവകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇടുക്കിയിൽ ഈ വർഷം മാത്രം കാട്ടാനയുടെ ആക്രമണത്തിൽ ആറ് പേർ മരിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ ഈ മാസം 19ന് യോഗം ചേർന്നിരുന്നു. വന്യമൃഗങ്ങളുടെ സ്വതന്ത്ര സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ ആനത്താരകൾ അടച്ചതാണ് ആക്രമണം വർധിക്കാൻ ഒരു കാരണമെന്ന് യോഗം വിലയിരുത്തി.
ആവശ്യമായ അനുമതിയില്ലാതെ സ്ഥാപിച്ച ഫെൻസിംഗുകളും ആനത്താരകൾ കയ്യേറി നിർമ്മിച്ച കെട്ടിടങ്ങളുമാണ് പ്രധാന പ്രശ്നമെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ.
അനധികൃത നിർമ്മിതികൾ കണ്ടെത്തുന്നതിനായി റവന്യൂ, വനം, തദ്ദേശ സ്വയംഭരണം, സർവേ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തും. ചിന്നക്കനാൽ മേഖലയിൽ നിരവധി അനധികൃത ഫെൻസിംഗുകളും സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച കെട്ടിടങ്ങളും ഉണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ.
അതേസമയം, ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. സിപിഎമ്മും അഖിലേന്ത്യാ കിസാൻ സഭയും ഉത്തരവിനെതിരെ രംഗത്തെത്തി. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി രൂപതയും രംഗത്തെത്തി. ആനത്താരകളിൽ തടസ്സങ്ങൾ ഉണ്ടാകരുതെന്ന് സുപ്രീം കോടതിയും നേരത്തെ നിർദേശിച്ചിരുന്നു.













