ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ സ്വകാര്യ സംഘടന വൻതോതിൽ പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ആലപ്പുഴ മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന രാമായണ മേളയുടെ പേരിൽ ക്രമക്കേട് നടന്നെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി ആവശ്യപ്പെട്ട് ദേവസ്വം കമ്മീഷണർ ബോർഡിന് കത്ത് നൽകി.
22 വർഷമായി തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ രാമായണ മേള സംഘടിപ്പിക്കുന്നുണ്ട്. തൃക്കുരട്ടി സേവാ സമിതി എന്ന സ്വകാര്യ സംഘടനയുടെ നേതൃത്വത്തിലാണ് മേള നടത്തുന്നത്. മേളയുടെ മറവിൽ അനധികൃത പണപ്പിരിവും ദേവസ്വം ഫണ്ട് ദുരുപയോഗവും നടക്കുന്നതായി ആരോപിച്ച് നാട്ടുകാരനായ അനിൽ കുമാർ നൽകിയ പരാതിയിലാണ് ദേവസ്വം വിജിലൻസ് അന്വേഷണം നടത്തിയത്.
ദേവസ്വം വിജിലൻസ് കണ്ടെത്തിയ ക്രമക്കേടുകൾ:
മേളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് സമർപ്പിച്ച കണക്കുകൾ അപൂർണമാണെന്ന് കണ്ടെത്തൽ.
ഉപദേശക സമിതിക്ക് പുറമെ മറ്റ് സംഘടനകൾ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചതായി കണ്ടെത്തൽ.
നാട്ടുകാരിൽനിന്നും വ്യാപാരികളിൽനിന്നും പണപ്പിരിവ് നടത്തുന്ന വിവരം മറച്ചുവെച്ച് ദേവസ്വം ബോർഡിൽനിന്ന് ഗ്രാന്റ് നേടിയതായി കണ്ടെത്തൽ.
ഇത്തരം ക്രമക്കേടുകളാണ് ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടി ആവശ്യപ്പെട്ട് ദേവസ്വം കമ്മീഷണർ ബോർഡിന് കത്ത് നൽകിയത്.
അതേസമയം, രാമായണ മേളയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സുതാര്യമാണെന്നാണ് സംഘാടകരുടെ വിശദീകരണം. ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ചിലരാണ് പരാതിക്ക് പിന്നിലെന്നും രാമായണ മേളയുടെ സംഘാടകർ ആരോപിച്ചു.













