പട്ന: ബിഹാറിൽ പെൺകുട്ടിക്ക് നേരെ വീണ്ടും അതിക്രമം. വിനോദസഞ്ചാര കേന്ദ്രമായ ബങ്കയിലെ മന്ദാർപർവതിലാണ് സംഭവം. പെൺകുട്ടിയെ ഒരു സംഘം യുവാക്കൾ പരസ്യമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു.
യുവാക്കൾ പെൺകുട്ടിയോട് മോശമായി പെരുമാറുന്നതും ചിലർ മർദിക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. പെൺകുട്ടിയുടെ സുഹൃത്താണെന്ന് കരുതുന്നയാളും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം. വൈറലായ വീഡിയോ ആറ് മാസം മുൻപ് ചിത്രീകരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം നടന്ന സ്ഥലവും മറ്റ് വിവരങ്ങളും തിരിച്ചറിഞ്ഞത്. ദൃശ്യങ്ങളിലുള്ളവർക്കായി അന്വേഷണം ആരംഭിച്ചതായും സംഭവത്തിൽ സ്വമേധയാ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ബിഹാറിലെ സമസ്തിപുരിലും ജമുയിലും പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവങ്ങളിൽ സംസ്ഥാന സർക്കാരിനും പൊലീസിനുമെതിരെ വിമർശനം ശക്തമായതിനിടെയാണ് ബങ്കയിലെ സംഭവം കൂടി പുറത്തുവന്നത്.
അതേസമയം, സമസ്തിപുരിൽ പെൺകുട്ടിയെ പരസ്യമായി ഉപദ്രവിച്ച കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.














